ദില്ലി: പാര്‍ലമെന്റ് തുടര്‍ച്ചയായി സ്തംഭിക്കുന്നതില്‍ നിരാശപ്രകടിപ്പിച്ച് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി.പാര്‍ലമെന്റ് സ്തംഭനത്തില്‍ മനംമടുത്ത് എം.പി സ്ഥാനം പോലും രാജിവച്ചാലോ എന്നാലോചിച്ചുവെന്ന് മുതിര്‍ന്ന എംപിമാരോട് അദ്വാനി പറഞ്ഞു. വാജ്പേയി സഭയിലുണ്ടായിരുന്നെങ്കില്‍ കടുത്ത നിരാശനാകുമായിരുന്നു.പരിഹാരത്തിനായി ഇടപെടണമെന്നും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനോട് അദ്വാനി ആവശ്യപ്പെട്ടു.

പാര്‍ലമെന്റ് സമ്മേളനം ഇന്നും അലങ്കോലമായിരുന്നു. ലോക്​സഭ ഇന്നത്തേക്ക്​ പിരിഞ്ഞതായി സ്​പീക്കർ പ്രഖ്യാപിച്ചപ്പോൾ ത​തന്റെ സീറ്റിൽ തന്നെയിരുന്ന അദ്വാനി സഭാ സ്തംഭനം ഒഴിവാക്കാന്‍ പ്രതിപക്ഷവുമായി സംസാരിക്കണണമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനുശേഷമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ മനംമടുത്ത് താന്‍ പാര്‍ലമെന്റ് അംഗത്വം പോലും രാജിവെച്ചാലോ എന്ന് ആലോചിക്കുന്നതായി കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രി സ്മൃതി ഇറാനിയോട് വ്യക്തമാക്കിയത്. ഈ സമയം രാജ്നാഥ് സിംഗും അദ്വാനിക്ക് സമീപമുണ്ടായിരുന്നു.

ശീതകാലസമ്മേളനത്തിന്റെ അവസാനദിനമായ നാളെയെങ്കിലും സഭയില്‍ ചര്‍ച്ച നടക്കണമെന്ന് അദ്വാനി ആവശ്യപ്പെട്ടു. നാളെയും സഭ നടക്കാതെ അനിശ്​ചിതമായി പിരിയുകയാണെങ്കിൽ അത്​ പൂർണ്ണ പരാജയമായിരിക്കുമെന്ന്​ തന്നെ സന്ദർശിച്ച ബി.ജെ.പി എം.പിമാരോട്​ അദ്വാനി പറഞ്ഞു. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ചര്‍ച്ച നടക്കണമെന്നും അദ്വാനി പറഞ്ഞു. അദ്വാനിയുടെ പരാമര്‍ശങ്ങളെ സ്വാഗതം ചെയ്ത കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാനായി നടത്തുന്ന പോരാട്ടത്തില്‍ നന്ദി അറിയിച്ചു.പാർലമെൻറ്​ നടപടികൾ തടസ്സ​പ്പെടുന്നതിൽ അദ്വാനി നേരത്തെയും ത​െൻറ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു.