രാജേന്ദ്രബാബു കമ്മീഷൻ ഓരോ കോളേജിനും വ്യത്യസ്തതരം ഫീസാണ് നിശ്ചയിച്ചത് കഴിഞ്ഞ വർഷം മുഴുവൻ ഫീസിൻറേയും ഡിഡി പ്രവേശന പരീക്ഷ കമ്മീഷണറുടെ പേരിൽ എടുത്താൽ മതിയായിരുന്നു
തിരുവനന്തപുരം: സ്വാശ്രയ എംബിബിഎസ് ഫീസിൻറെ ഒരു ഭാഗം കോളേജിൻറെ പേരിൽ ഡിഡി ആയി എടുക്കണമെന്ന തീരുമാനത്തിൽ വിദ്യാർത്ഥികൾക്ക് ആശങ്ക. രണ്ടാം ഘട്ട അലോട്ട്മെനറിൽ കോളേജ് മാറിയാൽ ഈ പണം ആദ്യത്തെ കോളേജ് തിരിച്ചുതരുമോ എന്നാണ് ആശങ്ക. ഫീസിന് പുറമെ നൽകേണ്ട മറ്റ് തുകകൾ ഏകീകരിച്ച് ജസ്റ്റിസ് രാജേന്ദ്രബാബൂ കമ്മീഷൻ ഉടൻ ഉത്തരവിറക്കും.
രാജേന്ദ്രബാബു കമ്മീഷൻ ഓരോ കോളേജിനും വ്യത്യസ്തതരം ഫീസാണ് നിശ്ചയിച്ചത്. ഇതിൽ ഒരു ലക്ഷം രൂപയുടെ ഡിഡി പരീക്ഷ കമ്മീഷണറുടെ പേരിൽ എടുക്കണം. ബാക്കി തുകയുടെ ഡിഡി കോളജിന്‍റെ പേരിലാണ് എടുക്കേണ്ടത്. രണ്ടാം അലോട്ട്മെന്‍റിൽ ഹയർ ഓപ്ഷൻ കിട്ടിയാൽ ആദ്യ അലോട്ട്മെന്‍റ് ക്യാൻസൽ ചെയ്ത് പുതിയ കോളജിൽ പ്രവേശനം നേടാം. അപ്പോഴും കോളജിന്‍റെ പേരിൽ ഡിഡി എടുക്കണം. എന്നാൽ ആദ്യം ചേർന്ന കോളജിൽ നിന്ന് അത്ര വേഗത്തിൽ പണം തിരിച്ച് കിട്ടുമോ എന്നാണ് ആശങ്ക
കഴിഞ്ഞ വർഷം മുഴുവൻ ഫീസിൻറേയും ഡിഡി പ്രവേശന പരീക്ഷ കമ്മീഷണറുടെ പേരിൽ എടുത്താൽ മതിയായിരുന്നു. പ്രവേശന നടപടികൾ അവസാനിക്കുമ്പോൾ വിദ്യാർത്ഥി അഡ്മിഷൻ എടുത്ത കോളജിന്‍റെ അക്കൗണ്ടിലേക്ക് കമ്മീഷണർ ഫീസ് കൈമാറും. എന്നാൽ ഈ വർഷം ഫീസിനായി അഡ്മിഷൻ നടപടികൾ കഴിയും വരെ കാത്തിരിക്കാനാകില്ലെന്ന മനാനേജ്മെന്‍റ് പിടിവാശി സർക്കാർ അംഗീകരിക്കുകയായിരുന്നു എന്ന് രക്ഷിതാക്കൾ പറയുന്നു.
അതിനിടെ ഫീസിന് പുറമെ വൻ തുക പലപേരിൽ മാനേജ്മെന്റുകൾ ഈടാക്കുന്നുണ്ടെന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് ജസ്റ്റിസ് രാജേന്ദ്ര ബാബു നിലപാട് ശക്തമാക്കുന്നു. മറ്റിനങ്ങളിലുള്ള ഫീസ് കമ്മീഷൻ തന്നെ നിശ്ചയിച്ചു നൽകാനാണ് തീരുമാനം. ഉത്തരവ് ഉടനിറങ്ങുമെന്നാണ് പ്രതീക്ഷ.
