സംസ്ഥാനത്തിന്ന് എട്ട് പനി മരണം കൂടി. 157 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കാല്‍ലക്ഷത്തിലധികം പേരാണ് ഇന്ന് വൈറല്‍ പനി ബാധിച്ച് ചികില്‍സ തേടിയത്. ഇതിനിടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പിന്തുണ തേടി മുഖ്യമന്ത്രി സ്വകാര്യ ആശുപത്രികള്‍ക്കും വിദ്യാലയ മേധാവികള്‍ക്കും മുഖ്യമന്ത്രി കത്തയച്ചു.

ശനിയാഴ്ച മാത്രം ഡെങ്കിപ്പനി ബാധിച്ച് അഞ്ച് മരണം. തിരുവനന്തപുരം, മലപ്പുറം, കോട്ടയം ജില്ലകളില്‍ ഒരോരുത്തരും കോഴിക്കോട് രണ്ടുപേരുമാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പത്തനംതിട്ട സ്വദേശി വിജയകുമാര്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചും മരിച്ചു. തൃശൂര്‍ സ്വദേശിനിയാണ് വൈറല്‍ പനി ബാധിച്ച് മരിച്ചത്. ന്യുമോണിയയെത്തുടര്‍ന്ന് മലപ്പുറത്ത് 18 വയസുകാരിയും മരിച്ചു. 24188 പേരാണ് വൈറല്‍ പനി ബാധിച്ച് ചികില്‍സ തേടിയത്. ശമനമില്ലാതെ പടരുന്ന ഡെങ്കിപ്പനി കൂടുതല്‍ പിടിമുറുക്കുകയാണ്. 157 പേര്‍ക്ക് ഡെങ്കിപ്പനി കണ്ടെത്തയതില്‍ 70 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവര്‍. തിരുവനന്തപുരം നഗരസഭ പ്രദേശങ്ങളിലാണ് രോഗ ബാധിതര്‍ കൂടുതല്‍. 745 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികില്‍സ തേടിയത്. അഞ്ച് പേര്‍ക്ക് എലിപ്പനിയും 19 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്ണും സ്ഥിരീകരിച്ചിട്ടുണ്ട്. ജലജന്യ രോഗങ്ങളും കൂടുകയാണ്. 2282 പേരാണ് വയറിളക്ക രോഗങ്ങള്‍ പിടിപെട്ട് ചികില്‍സ തേടയിത്. ആറുപേര്‍ക്ക് മഞ്ഞപ്പിത്തവും കണ്ടെത്തി. ഇതിനിടെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ തേടി മുഖ്യമന്ത്രി വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്കും സ്വകാര്യ ആശുപത്രി അധികൃതര്‍ക്കും കത്തയച്ചത്. രോഗികളുടെ എണ്ണം കണക്കിലെടുത്ത് ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങഴൊരുക്കണമെന്നാണ് ആവശ്യം. പരിസര ശുചീകരണത്തിന് ജാഗ്രത കാട്ടണമെന്നും സര്‍ക്കാരിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നത്.