പനി ബാധിച്ച് മൂന്ന് പേര്‍ മരിച്ച വീട്ടില്‍ വളര്‍ത്തിയ 2 മുയലുകള്‍ ചത്തിരുന്നു. അവശേഷിക്കുന്നവയുടെ രക്ത സാംപിളുകള്‍ പരിശോധനക്കയച്ചു

കോഴിക്കോട്: പകര്‍ച്ചപനിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറ് പേരുടെ നില ഗുരുതരം. 25 പേര്‍ നിരീക്ഷണത്തിലാണ്. പകര്‍ച്ചപനിയെ തുടര്‍ന്ന് ചികിത്സ തേടിയ ചങ്ങരോത്തും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ ആരോഗ്യനിലയിലാണ് ആശങ്കയുള്ളത്. ഇവരില്‍ നാല് പേരിലാണ് പ്രത്യേക വൈറസ് അണുബാധ സ്ഥിരീകരിച്ചത്. ഇവര്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലുള്ളവരുടെ രക്തസാംപിളുകള്‍ പരിശോധനക്കയച്ചു. രോഗം ബാധിച്ച് മരിച്ച യുവാക്കളുടെ അച്ഛന്‍റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്.ഇദ്ദേഹം സ്വകാര്യ ആശുപത്രിയിലെ വെന്‍റിലേറ്ററിലാണ്.

 പനി ബാധിച്ച് മരിച്ചവരെ പരിചരിച്ച നഴ്സും ചികിത്സയിലാണ്. മെഡിക്കല്‍കോളേജ് ആശുപത്രിയിൽ തന്നെ സജ്ജമാക്കിയ ഐസലോഷന്‍ വാര്‍ഡിലുള്ള 25 പേരാണ് നിരീക്ഷണത്തിലുള്ളത്.രോഗകാരിയായ വൈറസിനെ ഇനിയും തിരിച്ചറിയാത്തതിനാല്‍ കൃത്യമായ ചികിത്സ നല്‍കി തുടങ്ങിയിട്ടില്ല. മെഡ‍ിക്കല്‍ കോളേജ് ആശുപത്രിയിൽ ലേറ്ററില്‍ മതിയായ സൗകര്യങ്ങളുമില്ല. അതിനാല്‍ പനി ബാധിച്ചവരെ സ്വാകാര്യ ആശുപത്രികളിലേക്ക് മാറ്റാനും നീക്കമുണ്ട്. സാഹചര്യത്തെ ആരോഗ്യവകുപ്പ് ഗൗരവമായാണ് കാണുന്നതെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു.

പകർച്ചപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ചങ്ങരോത്ത് മണിപ്പാൽ വൈറസ് റിസർച്ച് സെൻററിലെ വിദഗ്ധരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അയച്ച രക്തസാംപിളുകളുടെ പരിശോധനാഫലം നാളെ കിട്ടും. മണിപ്പാല്‍ വൈറസ് റിസേര്‍ച്ച് സെന്‍ററില്‍ നിന്നുള്ള വിദഗ്ധരുടെ നേതൃത്വത്തില്‍ പനി ബാധിത മേഖലകളില്‍ ഇന്ന് പരിശോധന നടത്തി. പനി ബാധിച്ച് മൂന്ന് പേര്‍ മരിച്ച വീട്ടില്‍ വളര്‍ത്തിയ 2 മുയലുകള്‍ ചത്തിരുന്നു. അവശേഷിക്കുന്നവയുടെ രക്ത സാംപിളുകള്‍ പരിശോധനക്കയച്ചു. പ്രദേശത്തെ 30 വീടുകളില്‍ നിന്നുള്ളവരെ മാറ്റിപാര്‍പ്പിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. ജില്ലയിലും, സംസ്ഥാന തലത്തിലും ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്.