തിരുവനന്തപുരം: സംസ്ഥാനത്തിന്ന് ഒരു വയസ്സുള്ള കുഞ്ഞടക്കം പത്ത് പനിമരണം. വിവിധ തരം പനി പിടിച്ച് നാളിതുവരെ 13 ലക്ഷം പേരാണ് ചികിത്സ തേടിയത്. പനിപ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേര്‍ന്ന സര്‍വ്വ കക്ഷിയോഗം തീരുമാനിച്ചു . സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള ഡോക്ടര്‍മാരുടേയും വിരമിച്ച ഡോക്ടര്‍മാരുടേയും സേവനവും ഉറപ്പാക്കാൻ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു
പേടിപ്പെടുത്തും വിധം പനിക്കണക്ക് കൂടുന്നു. ഇതിനെതിരെ ഒറ്റക്കെട്ടായ പ്രവർത്തനമാണ് ആവശ്യമെന്ന് മുഖ്യമന്ത്രി. സര്‍ക്കാര് ആശുപത്രികളിലെ കിടത്തി ചികിത്സാ സൗകര്യം കൂട്ടും. താൽകാലിക വാര്‍ഡുകൾ സജ്ജമാക്കും . കൂടുതൽ രോഗികളെ പ്രവേശിപ്പിക്കാനാകും വിധം പ്രത്യേക സംവിധാനം ഒരുക്കാൻ സ്വകാര്യ ആശുപ്ത്രികളോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി
സര്‍ക്കാരിന്റെ രോഗപ്രതിരോധ നടപടികളിൽ അതൃപ്തി രേഖപ്പെടുത്തിയെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പൂർണ്ണമായും സഹകരിക്കുമെന്നാണ് പ്രതിപക്ഷ നിലപാട് . 25 ന് ബൂത്ത് തലത്തിൽ ബിജെപി പ്രവര്‍ത്തകര്‍ ശുചീകരണത്തിനിറങ്ങുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ഈ ഒരു ദിവസം മാത്രം 22,689 പേരാണ് സംസ്ഥാനത്ത് ചികിത്സതേടിയത്. 178 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു .
