ഫിഫ ലോകകപ്പിനുള്ള അടിസ്ഥാന വികസന പദ്ധതികളില്‍ പങ്കാളികളാകാന്‍ ഇന്ത്യന്‍ കമ്പനികളെ സ്വാഗതം ചെയ്ത് ഖത്തര്‍. ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്‍ദുല്‍ റഹിമാന്‍ അല്‍താനി, ഖത്തര്‍ അമീറിന്റെ സന്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറി.

2022 ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫാ ലോകകപ്പിനുള്ള അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്ന് കഴിഞ്ഞ വര്‍ഷം ഇന്ത്യാ സന്ദര്‍ശനത്തിനിടെ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വെള്ളിയാഴ്ച ഇന്ത്യയിലെത്തിയ ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്‍ദുല്‍ റഹിമാന്‍ അല്‍താനി ഇന്ത്യന്‍ കമ്പനികളെ ഖത്തറിലേക്ക് സ്വാഗതം ചെയ്തത്. ലോകകപ്പ് ഫുട്‍ബോളുമായി ബന്ധപ്പെട്ട വികസന പദ്ധതികള്‍ ഉള്‍പ്പെടെയുള്ളവയ്‌ക്ക് പ്രോജക്റ്റ് എക്‌സ്‌പോര്‍ട്ട് പദ്ധതികളിലൂടെ പങ്കാളികളാകാന്‍ ഇന്ത്യക്ക് അവസരം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ദോവലുമായും ഖത്തര്‍ വിദേശകാര്യ മന്ത്രി പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തി. നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ സന്ദേശം അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കത്തിലെ ഉളളടക്കമെന്നാണ് സൂചന. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് കൂടിക്കാഴ്ചക്കിടെ അഭിപ്രായപ്പെട്ടു. ഗള്‍ഫ് മേഖലയിലെ സമാധാനവും സുരക്ഷയും ആ മേഖലയുടെ വളര്‍ച്ചയ്‌ക്കും സമ്പല്‍സമൃദ്ധിക്കും അനിവാര്യമാണെന്നും സുഷമാ സ്വരാജ് അഭിപ്രായപ്പെട്ടു.