ലോക കായിക ചരിത്രത്തില്‍ അട്ടിമറി വീരന്‍മാര്‍ അനവധി
മോസ്കോ: വലിയ പ്രതീക്ഷയൊന്നുമില്ലാതെ വന്ന് വമ്പന്മാരെ വീഴ്ത്തി മുന്നേറുന്നത് കായികരംഗത്ത് ഇതിന് മുന്പും സംഭവിച്ചിട്ടുള്ളതാണ്. 1983ൽ ക്രിക്കറ്റ് ലോകകപ്പ് നേടിയ കപിലിന്റെ ചെകുത്താൻമാരും ഏറ്റവുമൊടുവിൽ ലോകകപ്പിൽ ഫൈനലിനിറങ്ങുന്ന ക്രൊയേഷ്യയുമെല്ലാം ഇക്കൂട്ടത്തിൽപ്പടും.
വമ്പൻമാരുടെ വഴിമുടക്കുന്ന ദുർബലരുടെ കുതിപ്പാണ് അട്ടിമറി. ഓരോ കളിയെയും അത് പ്രവചനാതീതമാക്കുന്നു. മുൻകാല പ്രകടനങ്ങളാണ് ചില ടീമുകളെ ഫേവറിറ്റുകളെന്നും മറ്റു ചിലരെ ദുർബലരെന്നും മുദ്രകുത്താൻ ഇടയാക്കുന്നത്. പക്ഷെ ഫേവറിറ്റുകളെ തുടർച്ചയായി വീഴ്ത്തി കിരീടവുമായി മടങ്ങിയവരുടെ കഥകൾ ഏറെ പറയാനുണ്ട് കായികലോകത്തിന്. ഒരു പ്രതീക്ഷയുമില്ലാതെ വന്ന് ചാംപ്യൻമാരായവരുടെ കൂട്ടത്തിൽ ആദ്യം ഓർമയിലെത്തുക 1983ൽ ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ ടീം.
ഇപ്പോഴത്തെ നമീബിയെയോ അഫ്ഗാനിസ്ഥാനേയോ ഒക്കെ പോലെയായിരുന്നു അന്നത്തെ ഇന്ത്യൻ ടീം. പക്ഷെ കപിലിൻറെ ചെകുത്താൻമാരുടെ മുന്നിൽ വമ്പന്മാർ പലരും അടിയറവ് പറഞ്ഞു. കലാശപ്പോരാട്ടത്തിൽ ഹാട്രിക് കിരീടം ലക്ഷ്യമിട്ടിറങ്ങിയ വെസ്റ്റ് ഇൻഡീസിനെ കീഴടക്കി ഇന്ത്യ ക്രിക്കറ്റിലെ പുതിയ ലോകരാജാക്കൻമാരായി. ഫുട്ബോളിലുമുണ്ട് ഇത്തരം അട്ടിമറിക്കൂട്ടങ്ങൾ.
1992ലെ യൂറോ കപ്പ്. അന്ന് യോഗ്യത പോലും നേടാതിരുന്ന ഡെൻമാർക്കിന് യുഗോസ്ലോവ്യയയെ അവസാന നിമിഷം യുവേഫ അയോഗ്യരാക്കിയത് സ്വീഡനിലേക്കുള്ള വഴി തുറന്നു. ടൂർണമെൻറ് അവസാനിക്കുമ്പോൾ ജർമനിയെ വീഴ്ത്തി കിരീടവുമായി മടങ്ങി ലാർസ് ഓൽസനും സംഘവും
ഇന്ത്യയും നെതർലൻഡ്സും ഓസ്ട്രേലിയയുമൊക്കെ ഹോക്കിയിലെ വൻശക്തികളായിരുന്ന 1970കൾ. ഒളിംപിക് ചരിത്രത്തിൽ മെഡലൊന്നും കിട്ടിയിട്ടില്ല ന്യുസീലൻഡിന്. പക്ഷെ 1976ലെ മോൺറിയാൽ ഒളിംപിക്സിൽ കഥ മാറി. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം മാത്രം ജയിച്ചിട്ടും അവർ സെമിയിലെത്തി. സെമിയിൽ ഹോളണ്ട്, കലാശപ്പോരാട്ടത്തിൽ ഓസ്ട്രേലിയ. വമ്പൻമാരെ അടിതെറ്റിച്ച് സ്വർണവുമായി മടങ്ങി കിവികൾ.
1980ലെ ശീതകാല ഒളിംപിക്സ് ഓർമിക്കുന്നത് ഐസ് ഹോക്കിയിൽ അമേരിക്ക നേടിയ സ്വർണത്തിൻറെ പേരിലാണ്. തുടർച്ചയായ അഞ്ചാം സ്വർണം ലക്ഷ്യമിട്ടെത്തിയ സോവിയറ്റ് യൂണിയൻ. അമേരിക്കയാകട്ടെ പങ്കെടുക്കാൻ ടീമിനെ ഒപ്പിച്ചത് തന്നെ പാടുപെട്ട്. ശീതയുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ അമേരിക്കൻ ടീം ഐസിൽ അത്ഭുതം കാട്ടി.
വ്യക്തിഗത ഇനത്തിലും അട്ടിമറികൾ പുതുമയല്ല. കഴിഞ്ഞ ഒളിംപിക്സിൽ 100 മീറ്റർ ബട്ടർഫ്ലൈയിൽ സാക്ഷാൽ മൈക്കൽ ഫെൽപ്സിനെ വീഴ്ത്തിയ സിംഗപ്പൂരിന്റെ ജോസഫ് സ്കൂളിംഗ്, 1985ൽ 17-ാം വയസിൽ വിംബിൾഡൻ ചാംപ്യനായ ബോറിസ് ബെക്കർ, സോണി ലിസ്റ്റന്റെ സുവർണകാലത്ത് ഇടിച്ചിട്ട കാഷ്യസ് ക്ലേ.. ഗോൾഫിൽ യൂറോപ്യൻ മേധാവത്വത്തിന് തിരിച്ചടി നൽകി 1903ൽ ഫ്രഞ്ച് ഓപ്പൺ ജയിച്ച അമേരിക്കയുടെ ഫ്രാൻസിസ് ഓയ്മെറ്റ്.
പറയാൻ പേരുകളും ടീമുകളും ഇനിയുമുണ്ട്. ഇത്തവണത്തെ ക്രൊയേഷ്യൻ മുന്നേറ്റം അവസാനിക്കുമ്പോൾ ഈ സുവർണനേട്ടക്കാർക്കൊപ്പമെത്തുമോ മോഡ്രിച്ചും സംഘവും എന്നറിയാന് കാത്തിരിക്കാം.
