ദോഹ: ചില അയല്‍ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച സാഹചര്യത്തില്‍ 2022ലെ ഫിഫ ലോക കപ്പ് മത്സരങ്ങള്‍ ഖത്തറില്‍ തന്നെ നടക്കുമെന്ന് ഫിഫ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ നയതന്ത്ര പ്രശ്‌നം മാത്രമാണ് നിലനില്‍ക്കുന്നതെന്നും ലോകകപ്പ് വേദി ഖത്തറില്‍ നിന്ന് മാറ്റുന്ന കാര്യം ചര്‍ച്ച ചെയ്തിട്ട് പോലുമില്ലെന്നും ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫെന്റിനോ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

2022ലെ ലോകകപ്പ് ഫുടബോളിനെ വരവേല്‍ക്കാന്‍ തിരക്കിട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് ഏതാനും ചില അയല്‍ രാജ്യങ്ങള്‍ തീവ്രവാദ ബന്ധം ആരോപിച്ചു ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. ഈ സാഹചര്യത്തില്‍ ലോകകപ്പ് വേദി ഖത്തറില്‍ നിന്നും മാറ്റിയേക്കുമെന്ന തരത്തില്‍ ചില പശ്ചാത്യന്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സമൂഹ മാധ്യമങ്ങളിലും ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രചാരണങ്ങള്‍ സജീവമാകുന്നതിനിടെയാണ് ഫിഫ പ്രസിഡണ്ട് ജിയാനി ഇന്‍ഫെന്റിനോ ഇത് സംബന്ധിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് അറിയിച്ചത്. ഫിഫ വേദി ഖത്തറില്‍ നിന്ന് മാറ്റിയേക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഊഹാപോഹം മാത്രമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇക്കാര്യം സംബന്ധിച്ച് ഫിഫയില്‍ ഒരു തരത്തിലുള്ള ചര്‍ച്ചകളും നടന്നിട്ടില്ലെന്നും വ്യക്തമാക്കി. ഫുട്‌ബോളിനെ ഏറെ സ്‌നേഹിക്കുന്ന നാടാണ് ഖത്തറെന്നും ഫുട്ബാളിന്റെ അന്തസിനു നിരക്കാത്ത ഒരു പ്രവര്‍ത്തനവും ഖത്തറിന്റെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ജിയാനി ഇന്‍ഫെന്റിനോ ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു.