സെര്‍ബിയക്കെതിരെ ഗോള്‍ നേടിയശേഷം താരങ്ങള്‍ പതാകയിലെ ചിഹ്നം സൂചിപ്പിച്ച് കൈകള്‍ ചേര്‍ത്ത് പിടിച്ച് ആഘോഷിക്കുകയായിരുന്നു

മോസ്‌കോ: ലോകകപ്പില്‍ സെര്‍ബിയക്കെതിരെ അല്‍ബേനിയന്‍ പതാകയിലെ ചിഹ്നത്തെ സൂചിപ്പിച്ച് ഗോളാഘോഷം നടത്തിയ സ്വിറ്റ്സര്‍ലന്‍ഡ് താരങ്ങളായ ഷാക്കയ്ക്കും ഷക്കീരിക്കുമെതിരെ ഫിഫ അച്ചടക്ക നടപടി സ്വീകരിച്ചു. സ്വിറ്റ്സര്‍ലാന്‍ഡിന്‍റെ സൂപ്പര്‍ താരങ്ങളായ ഗ്രാനിറ്റ് ഷാക്കയ്ക്കും ജെര്‍ദാന്‍ ഷകീരിക്കും രണ്ട് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. സെര്‍ബിയയ്‌ക്കെതിരായ മത്സരത്തിലെ ഗോളാഘോഷമാണ് വിവാദത്തിന് അടിസ്ഥാനമായത്.

ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സെര്‍ബിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഫിഫയ്ക്ക് പരാതി നല്‍കിയിരുന്നു. രാഷ്ട്രീയ പരമായ ചിഹ്നങ്ങളും ആംഗ്യവും പരസ്യമായി പ്രകടിപ്പിക്കാനുള്ള അവകാശം ഫിഫ നിയമപ്രകാരം താരങ്ങള്‍ക്ക് നല്‍കുന്നില്ല. 

സെര്‍ബിയക്കെതിരെ ഗോള്‍ നേടിയശേഷം താരങ്ങള്‍ പതാകയിലെ ചിഹ്നം സൂചിപ്പിച്ച് കൈകള്‍ ചേര്‍ത്ത് പിടിച്ച് ആഘോഷിക്കുകയായിരുന്നു. മാത്രമല്ല കൊസോവന്‍ പതാക പതിപ്പിച്ച ബൂട്ടണിഞ്ഞാണ് ഷാക്കിരി കളിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കുടിയേറിയ കൊസോവന്‍- അല്‍ബേനിയന്‍ വംശജനാണ് ഷാക്ക. കൊസോവയില്‍ നിന്ന് കുടിയേറിയവര്‍ തന്നെയാണ് ഷാക്കിരിയുടെ കുടുംബവും.

ആദ്യ മത്സരത്തില്‍ ബ്രസീലിനെ സമനിലയില്‍ തളച്ച സ്വിറ്റ്സര്‍ലണ്ട് രണ്ടാം മത്സരത്തില്‍ സെര്‍ബിയയെ തകര്‍ത്തിരുന്നു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ കോസ്റ്റാറിക്കയെ തകര്‍ത്ത് രണ്ടാം റൗണ്ടില്‍ കടക്കാമെന്ന് പ്രതീക്ഷയിലായിരുന്നു. എന്നാല്‍സ്വിസ് മുന്നേറ്റത്തിന്‍റെ കുന്തമുനകളായ ഇരുവരും രണ്ട് കളിയില്‍ പുറത്തിരിക്കേണ്ടിവരുന്നത് ടീമിന് വലിയ തിരിച്ചടിയാണ്.