കളിക്കളത്തിന് അകത്തും പുറത്തും അടിമുടി മാന്യനായ മനുഷ്യൻ. അമിതമായ ആഹ്ലാദമോ പ്രകടനപരതകളോ ഇല്ല. ഫ്രഞ്ച് മുന്നേറ്റത്തിന്രെ കുന്തമുനയായിട്ടും വിശേഷണങ്ങളോ വാഴ്ത്തലുകളോ ഇല്ല.
മോസ്കോ: യുറുഗ്വെയ്ക്കെതിരെ ഗോൾ നേടിയിട്ടും ആഘോഷിക്കാതെ ഫ്രാന്‍സിന്റെ സൂപ്പര്‍ താരം അന്റോണിയോ ഗ്രീസ്മാൻ. ലാറ്റിനമേരിക്കൻ രാജ്യത്തോടുള്ള ബഹുമാനം കൊണ്ടാണ് മൈതാനത്ത് ആഘോഷത്തിന് മുതിരാതിരുന്നതെന്ന് ഗ്രീസ്മാൻ പറഞ്ഞു. നേരത്തെ യുറുഗ്വെ തന്റെ രണ്ടാം രാജ്യമാണെന്ന് ഗ്രീസ്മാൻ പ്രഖ്യാപിച്ചിരുന്നു.
ക്വാര്‍ട്ടർ പോരാട്ടത്തിലെ അറുപത്തി ഒന്നാം മിനിട്ടിൽ അന്റോണിയോ ഗ്രീസ്മാൻ നേടിയ ഗോളാണ് ലോകകപ്പിലെ യുറുഗ്വെയൻ പോരാട്ടത്തിന് അവസാനം കുറിച്ചത്.
സഹതാരങ്ങൾ അഭിനന്ദിക്കാനായി ഓടിയെത്തിയപ്പോഴും പക്ഷേ ഗ്രീസ്മാൻ മൈതാനത്ത് ആഹ്ലാദ പ്രകടനങ്ങളൊന്നുമില്ലാതെ നിന്നു.ഗ്രീസ്മാൻ എന്നും അങ്ങനെയാണ്.
കളിക്കളത്തിന് അകത്തും പുറത്തും അടിമുടി മാന്യനായ മനുഷ്യൻ. അമിതമായ ആഹ്ലാദമോ പ്രകടനപരതകളോ ഇല്ല. ഫ്രഞ്ച് മുന്നേറ്റത്തിന്രെ കുന്തമുനയായിട്ടും വിശേഷണങ്ങളോ വാഴ്ത്തലുകളോ ഇല്ല.
പക്ഷേ മത്സരം യുറുഗ്വെയ്ക്കെതിരെയാകുമ്പോൾ ആഘോഷങ്ങൾ മാറ്റിവെക്കാൻ ഗ്രീസ്മാന് കാരണങ്ങൾ വേറെയുമുണ്ട്. ഏറ്റവും പ്രിയപ്പെട്ട രണ്ട് സുഹൃത്തുക്കളാണ് യുറുഗ്വെ നിരയിലെ ഡിഗോ ഗോഡിനും ഹൊസെ ഗിമെൻസും.അത്‍ലറ്റിക്കോ മാഡ്രിഡിലെ സഹതാരങ്ങൾ.അതും മാത്രമല്ല.ഗ്രീസ്മാന്റെ മകളുടെ തലതൊട്ടപ്പൻ കൂടിയാണ് ഡിഗോ ഗോഡിൻ. മത്സരത്തിന് മുൻപേ യുറുഗ്വെ തന്റെ രണ്ടാം രാജ്യമാണെന്ന് പോലും ഗ്രീസ്മാൻ പ്രഖ്യാപിച്ചിരുന്നു.അതുകൊണ്ട് തന്നെ സെമി ടിക്കറ്റ് ഉറപ്പിച്ചതിന് ശേഷവും ആഹ്ലാദപ്രകടനത്തിന് ഗ്രീസ്മാൻ നിന്നില്ല.
കണ്ണീരണിഞ്ഞ് നിന്ന യുറുഗ്വെ താരങ്ങൾക്കൊപ്പമായിരുന്നു ഗ്രീസ്മാൻ.വിജയിച്ചവര്‍ക്കൊപ്പം നിൽക്കാൻ എല്ലാവര്‍ക്കുമാകും.പക്ഷേ തോറ്റവര്‍ക്കൊപ്പം നിൽക്കാൻ ഇത്തിരി വലിയ മനസ് വേണം.ഗ്രീസ്മാനെപ്പോലെ.

