ബെൽജിയത്തിനെതിരെ ദൗർഭാഗ്യമായിരുന്നു ബ്രസീലിന്റെ പ്രധാന എതിരാളി. ഡിഫൻസീവ് മിഡ്ഫീൽഡർ കാസിമിറോയുടെ അഭാവവും മുൻ ചാമ്പ്യൻമാർക്ക് തിരിച്ചടിയായി.

മോസ്കോ: സമീപകാല ലോകകപ്പ് ചരിത്രത്തെ മറികടക്കാന്‍ റഷ്യയിലും ബ്രസീലിനായില്ല. അവസാന മൂന്ന് ലോകകപ്പിലും യൂറോപ്യൻ ടീമിന് മുന്നിലാണ് ലാറ്റിനമേരിക്കന്‍ ശക്തികളായ ബ്രസീൽ മുട്ടുകുത്തിയത്. 2006ൽ ഫ്രാൻസ്, 2010ൽ ഹോളണ്ട്, 2014ൽ ജർമ്മനി, ഇപ്പോഴിതാ ബൽജിയവും. 2006ലെ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് ഒറ്റ ഗോളിനായിരുന്നു ചാമ്പ്യന്‍മാരായിരുന്ന ബ്രസീല്‍ അടിയറവ് പറഞ്ഞത്.

2010ല്‍ ഹോളണ്ടിനോട് ക്വാര്‍ട്ടറില്‍ 2-1ന് തോറ്റു. 2014ല്‍ ചരിത്രം മാപ്പു നല്‍കാത്ത തോല്‍വി സെമിയിലായിരുന്നു. ജര്‍മനിയോട് 7-1ന്. ഇപ്പോഴിതാ മറ്റൊരു യൂറോപ്യന്‍ എതിരാളികള്‍ക്ക് മുമ്പിലും ബ്രസീല്‍ അടിയറവ് പറഞ്ഞിരിക്കുന്നു.

കാസിമിറോയുടെ അഭാവം നികത്താൻ ഫെർണാണ്ടീഞ്ഞോയ്ക്ക് കഴിഞ്ഞില്ല, അപകടകാരിയായ ഡിബ്രൂയിനെ പൂട്ടാനും. മാർസലോയുടെ ഓവർലാപ്പിംഗിലൂടെ ഉണ്ടായ വിടവുകളും ബെൽജിയത്തിന് അനുഗ്രഹമായി. ചെമ്പട ഇരമ്പിക്കയറിയപ്പോഴെല്ലാം ഇടതുവശത്ത് വില്യൻ നിറംമങ്ങി. ബെൽജിയൻ കോട്ടകടക്കാനാവാതെ വില്യനും നെയ്മറും ഫിർമിനോയും തളര്‍ന്നു. മുന്നേറ്റനിര തുടർച്ചയായി അവസരങ്ങൾ പാഴായപ്പോൾ ആത്മവിശ്വാസം കൈവിട്ടതും വിനയായി.