മെസി മാജിക്ക് കാണാനാണ് താന്‍ കാത്തിരിക്കുന്നതെന്ന് പറഞ്ഞ ഗാംഗുലി മെസിയെ സംബന്ധിച്ചിടത്തോളം ഇത് നിര്‍ണായക ലോകകപ്പായിരിക്കുമെന്നും പറഞ്ഞു

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിലെ ദാദയായ സൗരവ് ഗാംഗുലിക്ക് ക്രിക്കറ്റ് പോലെതന്നെ ഫുട്ബോളും ലഹരിയാണ്. ഇന്ത്യന്‍ ഫുട്ബോളിന്റെ ഈറ്റില്ലമായ കൊല്‍ക്കത്തയില്‍ നിന്നുള്ള രാജകുമാരന് അത് അങ്ങനെ ആവാതിരുന്നാലല്ലെ അത്ഭുതമുള്ളു. റഷ്യയില്‍ ലോകകപ്പ് ഉയര്‍ത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള മൂന്ന് ടീമുകള്‍ ബ്രസീലും ജര്‍മനിയും അര്‍ജന്റീനയുമാണെന്ന് ദാദ പറയുന്നു.

ബ്രസീലാണ് തന്റെ ഇഷ്ട ടീമെന്ന് പറയുന്ന ദാദ അതേശ്വാസത്തില്‍ അര്‍ജന്റീനിയന്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ കടുത്ത ആരാധകനുമാണ് താനെന്ന് വ്യക്തമാക്കി. റഷ്യയില്‍ മെസി മാജിക്ക് കാണാനാണ് താന്‍ കാത്തിരിക്കുന്നതെന്ന് പറഞ്ഞ ഗാംഗുലി മെസിയെ സംബന്ധിച്ചിടത്തോളം ഇത് നിര്‍ണായക ലോകകപ്പായിരിക്കുമെന്നും പറഞ്ഞു.

മെസിയുടെ കടുത്ത ആരാധകനായിരിക്കുമ്പോഴും കാനറികള്‍ കപ്പില്‍ മുത്തമിടുന്നത് കാണാനാണ് ബ്രസീലിന്റെ കടുത്ത ആരാധകനായ ദാദയുടെ ആഗ്രഹം. ലോകകപ്പ് ഫൈനല്‍ കാണാനായി റഷ്യയിലേക്ക് പോകാനും ഗാംഗുലിക്ക് പദ്ധതിയുണ്ട്.