ആന്ദ്രെ എസ്കോബാര്‍ വെടിയേറ്റ് മരിച്ചതിന്റെ 24-ാം വാര്‍ഷിക ദിനത്തിലാണ് വധഭീഷണി ലഭിച്ചതെന്നും ശ്രദ്ധേയമായി

മോസ്കോ: ലോകകപ്പ് ഫുട്ബോളില്‍ ഇംഗ്ലണ്ടിനെതിരായ പ്രീ ക്വാര്‍ട്ടറില്‍ ഷൂട്ടൗട്ടില്‍ പെനല്‍റ്റി നഷ്ടമാക്കിയ കൊളംബിയന്‍ താരങ്ങള്‍ക്ക് വധഭിഷണി. പെനല്‍റ്റി കിക്ക് നഷ്ടമാക്കിയ കൊളംബിയന്‍ താരങ്ങളായ കാര്‍ലോസ് ബാക്കയ്ക്കും ഉറൈബിനുമാണ് മത്സരം കഴിഞ്ഞ ഉടന്‍ സോഷ്യല്‍ മീഡിയ വഴി വധഭീഷണി ലഭിച്ചത്. ഇരുവര്‍ക്കുമെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചുള്ള അപവാദ പ്രചാരണവും നടക്കുന്നുണ്ട്. ഇരുവരോടും ആത്മഹത്യ ചെയ്യാനും കൊളംബിയയിലേക്ക് തിരികെ വരേണ്ടെന്നും ആരാധകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആന്ദ്രെ എസ്കോബാര്‍ വെടിയേറ്റ് മരിച്ചതിന്റെ 24-ാം വാര്‍ഷിക ദിനത്തിലാണ് വധഭീഷണി ലഭിച്ചതെന്നും ശ്രദ്ധേയമായി. 1994ലെ ലോകകപ്പില്‍ സെല്‍ഫ് ഗോള്‍ അടിച്ചതിന്റെ പേരിലാണ് എസ്കോബാറിനെ അക്രമികള്‍ വെടിവെച്ചുകൊന്നത്. ജപ്പാനെതിരായ കൊളംബിയയുടെ ആദ്യ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് വാങ്ങിയ കാര്‍ലോസ് സാഞ്ചസിനും നേരത്തെ വധഭീഷണി ലഭിച്ചിരുന്നു. ഈ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് രണ്ട് താരങ്ങള്‍ക്കു കൂടി വധഭീഷണി ലഭിച്ചിരിക്കുന്നത്.

പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് കൊളംബിയ തോറ്റു പുറത്തായത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 1-1 സമനില പാലിച്ചതിനെത്തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.