2006ല്‍ ബെക്കാം നേടിയ എണ്ണം പറഞ്ഞ ഫ്രീക്കിക്ക് ഗോളിനോടാണ് ക്രെയേഷ്യക്കെതിരെ ട്രിപ്പിയര്‍ നേടിയ ഗോളിനെ വിദഗ്ദര്‍ ഉപമിക്കുന്നത്.

മോസ്കോ: ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും മികച്ച പ്രകടനം നടത്തിയതിന്റെ തലയെടുപ്പോടെയാണ് ഇംഗ്ലീഷ് താരം കീരണ്‍ ട്രിപ്പിയര്‍ മടങ്ങുന്നത്. 2006ല്‍ ബെക്കാം നേടിയ എണ്ണം പറഞ്ഞ ഫ്രീക്കിക്ക് ഗോളിനോടാണ് ക്രെയേഷ്യക്കെതിരെ ട്രിപ്പിയര്‍ നേടിയ ഗോളിനെ വിദഗ്ദര്‍ ഉപമിക്കുന്നത്. 2006ല്‍ ജര്‍മ്മനിയിലെ സ്റ്റുട്ട്ഗര്‍ട്ടില്‍ നടന്ന ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരത്തിലെ അറുപതാം മിനിറ്റിലായിരുന്നു ബെക്കാമിന്റെ മാസ്മരിക ഫ്രീ കിക്ക് ഗോള്‍ പിറന്നതെങ്കില്‍ അഞ്ചാം മിനിട്ടിലായിരുന്നു ക്രൊയേഷ്യക്കെതിരെ ട്രിപ്പിയര്‍ ഫ്രീ കിക്ക് ഗോള്‍.

ബെക്കാം തൊടുത്ത ഫ്രീക്കിക് ഇക്വഡോറിന് യാത്രാമൊഴി ചൊല്ലി പറന്നിറങ്ങിയത് ഇംഗ്ലണ്ടിന്റെ ക്വാര്‍ട്ടര്‍ സ്വപ്നങ്ങളിലേക്കായിരുന്നു. 12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒരിക്കല്‍കൂടെ ഒരു ഇംഗ്ലീഷ് താരം അതാവര്‍ത്തിച്ചു.ഡയറക്ട് ഫ്രീക്കിക്ക് വീണ്ടും വലയില്‍. പക്ഷെ ആ ഫ്രീ കിക്കിനും ഇംഗ്ലണ്ടിന്റെ ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കാനായില്ലെന്ന് മാത്രം.

എങ്കിലും ബെക്കാമിന്റെ ഗോള്‍ ടിവിയില്‍ കണ്ട 15കാരനില്‍ നിന്നുള്ള ട്രിപ്പിയറിന്റെ വളര്‍ച്ചയെല്ലാം ആ ഒരൊറ്റ ഗോളിലുണ്ട്. ബെറി ബെക്കാമെന്ന് ആരാധകര്‍ വിളിച്ചതിനുള്ള സമ്മാനമായി സെമി ദുരന്തത്തിനിടയിലും ആ മനോഹര ഗോള്‍. വിങ്ങുകളിലൂടെയുള്ള ട്രിപ്പിയറുടെ ആക്രമണം തന്നെയായിരുന്നു ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ കരുത്ത്. ടോട്ടനത്തില്‍ ഒപ്പം കളിക്കുന്ന ഹാരി കെയ്നുമായുള്ള മന:പൊരുത്തം ആദ്യ മത്സരങ്ങളില്‍ തന്നെ വാഴ്ത്തിപ്പാടി. ഡെഡ് ബോള്‍ സാഹചര്യങ്ങളിലും ട്രിപ്പിയറുടെ അസാധാരണ മികവ്. കഥകളേറെയുണ്ട് ട്രിപ്പിയറെക്കുറിച്ച് പറയാന്‍.

2010 ലോകകപ്പിനിടെ ആവേശം മൂത്ത് വീടിന് മുന്നില്‍ കൊടിമരം സ്ഥാപിച്ച് പൊല്ലാപ്പിലായത് അതിലൊന്ന്. അച്ഛനും സഹോദരങ്ങളുമൊത്ത് സ്ഥാപിച്ച കൊടിമരം മുനിസിപ്പല്‍ കൗണ്‍സില്‍ നീക്കം ചെയ്തു.ഇത്തവണ കിരീടം നേടി രാജ്യത്തോട് കൂറ് പ്രകടിപ്പിക്കാനുള്ള സുവര്‍ണാവസരവും നഷ്‌ടമായി.2007ല്‍ കളി തുടങ്ങിയിട്ടും ദേശീയ ടീമിലേക്കുള്ള വിളിക്കായി 2015 വരെ കാത്തിരിക്കേണ്ടി വന്നു. അഞ്ച് വര്‍ഷം ഒരു മത്സരത്തില്‍ പോലും ഇറങ്ങാനാകാതെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഒതുങ്ങിപ്പോയ ചരിത്രവുമുണ്ട്. പ്രതിഭയുണ്ടെങ്കില്‍ തിരിച്ച് വരവുകള്‍ അനായാസമെന്ന് കാട്ടിത്തന്നു ഈ ലോകകപ്പില്‍ ട്രിപ്പിയര്‍.