അര്‍ജന്റീന ഗോളടിച്ചപ്പോള്‍ വിഐപി ഗ്യാലറിയിലിരുന്ന് ഒരു ദക്ഷിണ കൊണിയന്‍ ആരാധകനുനേരെ അശ്ലീല ആംഗ്യം കാണിച്ചതിന്റെ പേരിലും പരസ്യമായി ചുരുട്ട് വലിച്ചതിന്റെ പേരിലും വിവാദത്തില്‍പ്പെട്ടിരുന്നു.

മോസ്കോ: ഇംഗ്ലണ്ട്-കൊളംബിയ മത്സരം നിയന്ത്രിച്ച അമേരിക്കക്കാരനായ റഫറി മാര്‍ക്ക് ഗീഗര്‍ ഇംഗ്ലണ്ടിന് അനുകൂലമായി പക്ഷപാതപരമായി പെരുമാറിയെന്ന അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഫിഫ. മറഡോണയുടെ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളിക്കളയുന്നുവെന്ന് ഫിഫ വ്യക്തമാക്കി. മറഡോണയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണെന്ന് ഫിഫ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഫുട്ബോളിന്റെ ചരിത്രത്തില്‍ മഹത്തായ സ്ഥാനമുള്ള മറഡോണയെപ്പോലരു താരത്തില്‍ നിന്ന് ഇത്തരം പ്രതികരണം വന്നതില്‍ ഖേദമുണ്ടെന്നും ഫിഫ അറിയിച്ചു.

ഫിഫയുടെ അംബാസഡറും ലോകകപ്പ് വേദികളില്‍ വിഐപി അതിഥിയുമാണ് മറഡോണ.

അര്‍ജന്റീനയുടെ എല്ലാ മത്സരങ്ങളും കാണാന്‍ സ്റ്റേഡിയത്തിലെത്തിയിരുന്ന മറഡോണ അര്‍ജന്റീന-നൈജീരിയ മത്സരത്തില്‍ അര്‍ജന്റീന ഗോളടിച്ചപ്പോള്‍ വിഐപി ഗ്യാലറിയിലിരുന്ന് ഒരു ദക്ഷിണ കൊണിയന്‍ ആരാധകനുനേരെ അശ്ലീല ആംഗ്യം കാണിച്ചതിന്റെ പേരിലും പരസ്യമായി ചുരുട്ട് വലിച്ചതിന്റെ പേരിലും വിവാദത്തില്‍പ്പെട്ടിരുന്നു.

എന്നാല്‍ ഈ സംഭവങ്ങളിലൊന്നും പ്രതികരിക്കാനോ നടപടി എടുക്കാനോ ഫിഫ തയാറായില്ല. അശ്ലീല ആംഗ്യം കാട്ടിയതിന് മറഡോണ തന്റെ ഫേസ്ബുക് പേജിലൂടെ ക്ഷമ ചോദിച്ചിരുന്നു. തികച്ചും നിഷ്കളങ്കമായ തന്റെ നടപടിയെ മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിക്കുകയായിരുന്നു എന്നും മറഡോണ വിശദീകരിച്ചിരുന്നു.

ഫിഫയുമായി എല്ലാക്കാലത്തും അത്രമ മികച്ച ബന്ധമല്ല മറഡോണക്കുള്ളത്. 1994ലെ ലോകകപ്പില്‍ നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ മറഡോണയെ ആ ലോകകപ്പില്‍ നിന്ന് ഫിഫ പുറത്താക്കി. 2009ല്‍ അര്‍ജന്റീനയുടെ പരിശീലകനായിരുന്ന കാലത്ത് മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയതിന്റെ പേരില്‍ 2010 ലോകകപ്പിന്റെ ഡ്രോയില്‍ നിന്ന് മറഡോണയെ ഫിഫ മാറ്റി നിര്‍ത്തിയിരുന്നു. ഫിഫ മുന്‍ പ്സിഡന്റ് സെപ് ബ്ലാറ്ററുടെ കടുത്ത വിമര്‍ശകനുമായിരുന്നു മറഡോണ.