പ്രീക്വാർട്ടറിൽ ബെൽജിയത്തിനെതിരെ പ്രവചനം നടത്താൻ അനുവദിക്കാതെയാണ് റാബിയോയുടെ കഥ കഴിച്ചത്

ടോക്കിയോ: പ്രവചനം നടത്തുന്ന ജീവികൾക്ക് റഷ്യൻ ലോകകപ്പ് തിരിച്ചടിയാവുകയാണ്. പ്രവചനങ്ങൾ തെറ്റുന്നതായിരുന്നു ഇതുവരെ വാർത്തയെങ്കിൽ കഴിഞ്ഞ ദിവസം പ്രവചനം നടത്തുന്ന നീരാളിയെ കറിവച്ച് കഴിച്ചു ജപ്പാൻകാർ. റാബിയോ എന്ന പേരുള്ള നീരാളിയാണ് തീന്‍മേശയിലെത്തിയത്. ലോകകപ്പിൽ ജപ്പാന്റെ ആദ്യ മത്സര ദിനമാണ് കിൻജോ ആബെ എന്ന മീൻ കച്ചവടക്കാരന് കുറച്ച് നീരാളികളെ കിട്ടുന്നത്. അതിലൊന്നിനെ റാബിയോ എന്നും വിളിച്ചു.

പോൾ നീരാളിയെ പോലെ കക്ഷി റാബിയോയയെ പ്രവചനത്തിന് വിട്ടു. തോൽവിയും സമനിലയും അടക്കം ജപ്പാന്റെ കാര്യത്തിൽ റാബിയോ പറഞ്ഞതൊക്കെ അച്ചട്ടായി. അങ്ങനെ ഒരു വഴിക്ക് പ്രശസ്തയായപ്പോഴാണ് മുതലാളിക്ക് കച്ചവടത്തിൽ കൂടുതൽ ശ്രദ്ധവന്നത്. പ്രവചനവുമായി നടന്നിട്ട് ലാഭമൊന്നുമില്ലെന്ന് തോന്നിയ മുതലാളി റാബിയോയെ കൊന്നു വിറ്റു.പിന്നാലെ കറിയായി.

പ്രീക്വാർട്ടറിൽ ബെൽജിയത്തിനെതിരെ പ്രവചനം നടത്താൻ അനുവദിക്കാതെയാണ് റാബിയോയുടെ കഥ കഴിച്ചത്. തോൽക്കുമെന്ന പ്രവചനം പേടിച്ചാണ് കൊന്നതെന്ന് ജപ്പാനിലെ റാബിയസ് ഫാൻസ് ആരോപിച്ചു. പ്രവചനം നടത്താൻ റാബിയസിനൊപ്പം പിടിച്ച മറ്റേതെങ്കിലും നീരാളിയെ തരാമെന്ന് കിൻജോ ആബെ മത്സരത്തിന് മുൻപ് പറഞ്ഞിരുന്നു .പക്ഷെ പ്രവചനം നടത്താൻ ജപ്പാൻ ഇനി ലോകകപ്പിലില്ല.

നേരത്തെ അക്കില്ലസ് എന്ന പൂച്ചയായിരുന്നു ആദ്യ റൗണ്ടുകളില്‍ പ്രവചനവുമായി താരമായത്. പക്ഷെ ലോകകപ്പിലെ ആദ്യ റൗണ്ടിൽ പുറത്തായ ജർമ്മനിയുടെ അവസ്ഥായായി പിന്നീട് അക്കിലസിന്.അർജന്റീന നൈജീരിയ മത്സരം തെറ്റായി പ്രവചിച്ചതോടെ ആദ്യ റൗണ്ടിൽ തന്നെ അക്കിലസ് പുറത്തായി. ജർമ്മൻ മൃഗശാലയിലെ കരടി, റഷ്യയിലെ ഒരു കീരി തുടങ്ങീ നന്നായി തുടങ്ങിയവരൊക്കെ ആദ്യ റൗണ്ടിൽ പുറത്തായി.