അമിതാഭിനയം കൊണ്ട് ആരാധകരില്‍ നിന്ന് എന്തെങ്കിലും സഹതാപം കിട്ടുമെന്നാണ് നെയ്മര്‍ കരുതുന്നതെങ്കില്‍ അത് തെറ്റാണ്.

മോസ്കോ: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ലോകോത്തര ഫുട്ബോളറാണെന്നും എന്നാല്‍ ഗ്രൗണ്ടില്‍ ഫൗള്‍ ചെയ്യപ്പെടുമ്പോള്‍ ആരാധകരുടെ സഹതാപം കിട്ടാനായി നെയ്മര്‍ പുറത്തെടുക്കുന്ന അമിതാഭിനയം നിര്‍ത്തണമെന്നും മുന്‍ ജര്‍മന്‍ നായകന്‍ ലോതര്‍ മത്തേവൂസ്. നെയ്മര്‍ മികച്ച കളിക്കാരനാണ്. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച അഞ്ചു കളിക്കാരിലൊരാള്‍. എന്നിട്ടും അയാളെന്തിനാണ് ഇങ്ങനെ അഭിനയിക്കുന്നത്-മത്തേവൂസ് ചോദിച്ചു.

അമിതാഭിനയം കൊണ്ട് ആരാധകരില്‍ നിന്ന് എന്തെങ്കിലും സഹതാപം കിട്ടുമെന്നാണ് നെയ്മര്‍ കരുതുന്നതെങ്കില്‍ അത് തെറ്റാണ്.

നോക്കു 1986ലെ ലോകപ്പില്‍ മറഡോണ എത്രയോ തവണ ഫൗള്‍ ചെയ്യപ്പെട്ടു. അന്ന് അദ്ദേഹം അഭിനയിച്ചിട്ടില്ല. അര്‍ജന്റീനയുടെ ലയണല്‍ മെസിയും ഗ്രൗണ്ടില്‍ അഭിനയിക്കാറില്ല.

ഞാന്‍ കളിച്ചിരുന്ന കാലത്ത് കൊളംബിയയുടെ കാര്‍ലോസ് വാല്‍ഡറാമെയും നെയ്മറെപ്പോലെ ഗ്രൗണ്ടിലിറങ്ങിയാല്‍ നല്ല അഭിനേതാവായിരുന്നു.എന്നാല്‍ ഇന്ന് അത്തരത്തിലുള്ള അഭിനേതാക്കളില്ല.

കൊളംബിയ-ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടര്‍ മത്സരം നോക്കു. പണ്ട് കൊളംബിയക്ക് അഭിനയിക്കാനായി ഒരു വാള്‍ഡറാമയെ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ ഈ കളിയില്‍ അത് ആറോളം പേരായിരുന്നു.

അത് അപ്പോള്‍ തന്നെ നിര്‍ത്താന്‍ റഫറി ഇടപെടണമായിരുന്നു. അദ്ദേഹമത് ചെയ്തില്ല. അതിന്റെ ഫലമോ കൊളംബിയന്‍ താരങ്ങള്‍ അഭിനയം തുടര്‍ന്നു.വിഎആറ്‍ പോലുള്ള ടെക്നോളജി ഉപയോഗിക്കുന്ന കാലത്ത് അമിതാഭിനയത്തിന് പ്രസക്തിയില്ലെന്നും മത്തേവൂസ് പറഞ്ഞു. ആളുകള്‍ ഫുട്ബോള്‍ കാണാനാണ് വരുന്നത്. അല്ലാതെ നിങ്ങളുടെ അഭിനയം കാണാനല്ല. ഇനി അഭിനയിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഗ്രൗണ്ടിലറങ്ങാതെ മറ്റെവിടെയെങ്കിലും പോകാമെന്നും മത്തേവൂസ് പറഞ്ഞു.