ഇരുവരും ഒരേ ലീഗില്‍ ഒരേ ടീമുകള്‍ക്കെതിരെ കളിക്കുന്നത് രണ്ടുപേരുടെയും കളിനിലവാരത്തെക്കുറിച്ചുള്ള പൊതുവിലയിരുത്തല്‍ ആരാധകര്‍ക്ക് എളുപ്പമാക്കി.
മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്ഡോയോ ലയണല് മെസിയോ കേമന് ? ഫുട്ബോള് ആരാധകര് കഴിഞ്ഞ ഒരു ദശകത്തിനിടെ ഏറ്റവുമധികം തവണ ചോദിച്ചതും തര്ക്കിച്ചതും ഈ ചോദ്യത്തെച്ചൊല്ലിയായിരിക്കും. ആ ചോദ്യത്തിനുള്ള ഉത്തരം എന്തുതന്നെയായാലും, ലോകകപ്പിനിടയിലും ആ തര്ക്കം ആരാധകര് ആവേശത്തോടെ തുടര്ന്നുകൊണ്ടേയിരിക്കുന്നു. ക്രിസ്റ്റ്യാനോ റൊണാള്ഡോ ഇറ്റാലിയന് ക്ലബ്ബായ യുവന്റസിലേക്ക് കൂടുമാറിയതോടെ ഇതുവരെയും ഉത്തരം കിട്ടാത്ത ആ ചോദ്യം തല്ക്കാലത്തേക്കെങ്കിലും ആരാധകര്ക്ക് മറക്കാം.
റൊണാള്ഡോ ഇംഗ്ലീഷ് പ്രീമിയര് ലീഗില് മാഞ്ചസ്റ്റര് യുണൈറ്റഡിനായി കളിക്കുന്നകാലത്തെ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള താരതമ്യങ്ങള്. ഒമ്പത് വര്ഷം മുമ്പ് റൊണാള്ഡോ സ്പാനിഷ് ലീഗിലെത്തിയതോടെ തര്ക്കിക്കാന് ആരാധകര്ക്ക് കുറച്ചുകൂടി എളുപ്പമായി. ഇരുതാരങ്ങളുടെയും ലീഗിലെ ഓരോ നേട്ടവും നഷ്ടവും ആയുധമാക്കി ആരാധകര് വീറോടെ പോരടിച്ചു. സ്പാനിഷ് ലീഗില് വര്ഷത്തില് രണ്ടുതവണ വരുന്ന എല് ക്ലാസിക്കോയില് മാത്രമാണ് ഇരുവരും മുഖാമുഖം വരാറുള്ളതെങ്കിലും മറ്റ് 18 ടീമുകള്ക്കെതിരെയുമുള്ള ഇരുവരുടെയും ഓരോ മത്സരങ്ങളും ആരാധകര് ഇഴകീറി പരിശോധിച്ച് തര്ക്കിച്ചുകൊണ്ടേയിരുന്നു.
ആഴ്ചയവസാനം നടക്കുന്ന ലീഗിലെ വാശിയേറിയ പോരാട്ടങ്ങളില് ശനിയാഴ്ച റയല് ലീഡെടുക്കുകയും റൊണാള്ഡോ തിളങ്ങുകയും ചെയ്താല് ഞായറാഴ്ച സമ്മര്ദ്ദം മെസിക്കും ബാഴ്സക്കും മുകളിലാവും. അവിടെ മെസി തിളങ്ങിയാല് ആരാധകര് ഹാപ്പിയായി. ഇരുവരും ഒരേ ലീഗില് ഒരേ ടീമുകള്ക്കെതിരെ കളിക്കുന്നത് രണ്ടുപേരുടെയും കളിനിലവാരത്തെക്കുറിച്ചുള്ള പൊതുവിലയിരുത്തല് ആരാധകര്ക്ക് എളുപ്പമാക്കി. എന്നാല് റൊണാള്ഡോ ഇറ്റാലിയന് ലീഗിലേക്ക് മാറുന്നതോടെ ഇരുവരെയും കുറിച്ചുള്ള താരതമ്യത്തിനുപോലും ഇനി പ്രസക്തിയില്ലാതാവും.
ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ലീഗുകളിലൊന്നാണ് ഇറ്റാലിയന് ലീഗായ സീരി എ. അതുകൊണ്ടുതന്നെ സ്പാനിഷ് ലീഗില് ഗെറ്റാഫെക്കെതിരെ മെസി നടത്തുന്ന പ്രകടനത്തെയോ നാപ്പോളിക്കെതിരെ റൊണാള്ഡോ പുറത്തെടുക്കുന്ന പ്രകടനത്തെയോ താരതമ്യം ചെയ്യുന്നതില് ഇനി അര്ത്ഥമില്ലാതാവും. അത്ലറ്റിക്കോ മാഡ്രിഡിനെതിരെ മെസി പുറത്തെടുക്കുന്ന മികവും റോമക്കോ മിലാനോ എതിരെ റൊണാള്ഡോ കളിക്കുന്ന കളിയും തമ്മിലും വിലയിരുത്തല് സാധ്യമല്ലതാവും. അതുപോലെ തന്നെ സ്വന്തം ടീമിനും ലീഗിലും ഇരുവരും കുറിക്കുന്ന റെക്കോര്ഡുകളുടെ പേരിലും ആരാധകര്ക്ക് ഇനി തര്ക്കിക്കാന് കഴിയില്ല. അതായത് മെസി ആരാധകര്ക്ക് റൊണാള്ഡോയെയും റൊണാള്ഡോ ആരാധകര്ക്ക് മെസിയെയും വല്ലാതെ മിസ് ചെയ്യുമെന്നുറപ്പ്.
ഇതൊക്കെയാണെങ്കിലും ഇറ്റാലിയന് ലീഗില് റൊണാള്ഡോ തിളങ്ങിയാലും ഇല്ലെങ്കിലും റൊണാള്ഡോ ആരാധകര്ക്ക് സന്തോഷിക്കാന് വകയുള്ളൊരു കാര്യമുണ്ട്. ഇറ്റാലിയന് ലീഗിലും തിളങ്ങിയാല് ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയന് ലീഗുകളില് ഒരുപോലെ തിളങ്ങിയ റൊണാള്ഡോ ആണ് മികച്ചവനെന്ന് അവര്ക്ക് വാദിക്കാം. ഇനി തിളങ്ങിയില്ലെങ്കിലും പ്രീമിയര് ലീഗിലും സ്പാനിഷ് ലീഗിലും റൊണാള്ഡോ തിളങ്ങിയെന്നും മെസിക്ക് സ്പാനിഷ് ലീഗില് മാത്രമെ തിളങ്ങാന് കഴിഞ്ഞുള്ളൂവെന്നും അവര്ക്ക് തര്ക്കിക്കാം. അങ്ങനെ തര്ക്കിക്കാന് എത്രയെത്ര കാരണങ്ങള്.
