ഫ്രാന്‍സിന്‍റെ മധ്യനിരയില്‍ കളിമെനയുന്ന പോള്‍ പോഗ്ബ ഇഷ്ടതാരം

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഒരു ലോകകിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു യുവരാജ് സിംഗ്. 2011 ലോകകപ്പിലുടനീളം മികച്ച പ്രകടനം കാട്ടിയ യുവി തന്നെയായിരുന്നു ടൂര്‍ണമെന്‍റിലെ താരവും. ഇപ്പോഴിതാ റഷ്യയില്‍ ലോകകപ്പിന്‍റെ പന്തുരുളുമ്പോള്‍ തന്‍റെ ഫേഫറിറ്റ് ടീമിനെ പ്രഖ്യാപിച്ച് താരം രംഗത്തെത്തിയിരിക്കുകയാണ്.

എല്ലാക്കാലത്തും ബ്രസീലിന്‍റെ കടുത്ത ആരാധകനായിരുന്ന യുവി ഇക്കുറി മഞ്ഞപ്പടയ്ക്കൊപ്പമല്ലെന്നതാണ് ഏറ്റവും വലിയ സവിശേഷത. സിദാന്‍ പിന്‍ഗാമികളായി ലോകകപ്പുയര്‍ത്താനിറങ്ങിയ ഫ്രഞ്ച് പടയ്ക്കൊപ്പമാണ് യുവരാജ് സിംഗ് ഇത്തവണ. ലോകകപ്പില്‍ കളിക്കുന്ന രാജ്യങ്ങളില്‍ ഏറ്റവും ഇഷ്ടം ഫ്രാന്‍സിനോടാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫ്രഞ്ച് പട കിരീടം ഉയര്‍ത്തുമെന്ന് പ്രത്യാശിച്ച യുവി ഫ്രാന്‍സിനോടുള്ള ഇഷ്ടത്തിന്‍റെ കാരണവും വ്യക്തമാക്കി. ഫ്രാന്‍സിന്‍റെ മധ്യനിരയില്‍ കളിമെനയുന്ന പോള്‍ പോഗ്ബയുടെ സാന്നിധ്യമാണ് തന്നെ അവരുടെ ഇഷ്ടതാരമാക്കിയതെന്ന് യുവി പറഞ്ഞു. സ്പോര്‍ട്സ് സ്ക്രീനിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഫാനാണ് താനെന്ന് നേരത്തെ പറഞ്ഞിട്ടുള്ള യുവി പോഗ്ബയുടെ ഫ്രാന്‍സിനെ ഇഷ്ടപെടാനുള്ള കാരണങ്ങളിലൊന്ന് അതാകാമെന്നും കൂട്ടിച്ചേര്‍ത്തു.