റഷ്യന്‍ ലോകകപ്പിന് ശേഷം പുരുഷ ഫുട്ബോള്‍ റാങ്കിംഗ് ഇപ്രകാരമായിരിക്കും

സൂറിച്ച്; ലോകകപ്പിന്‍റെ ആവേശം ലോകമാകെ അലയടിക്കുന്നതിനിടെയാണ് ഫിഫ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. നിലവിലെ റാങ്കിംഗ് സമ്പ്രദായത്തില്‍ വമ്പന്‍ പരിഷ്കരണം നടപ്പിലാക്കുമെന്ന് ഫിഫ അധികൃതര്‍ വ്യക്തമാക്കി. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫിഫ റാങ്കിംഗ് സമ്പ്രദായം അടിമുടി പരിഷ്കരിക്കുന്നത്.

രാജ്യാന്തര സൗഹൃദ മത്സരങ്ങള്‍ക്കുളള പ്രാധാന്യം കുറയ്ക്കുകയെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. ലോകറാങ്കിംഗില്‍ മുന്നിലെത്താനായി വന്‍ ശക്തികള്‍ കുഞ്ഞന്‍ ടീമുകളുമായി സൗഹൃദപോരാട്ടത്തിലേര്‍പ്പെടുകയും മികച്ച വിജയം നേടുകയും ചെയ്യുന്നത് പതിവാണ്. ഇതിലൂടെ ലഭിക്കുന്ന പോയിന്‍റ് ഇവരുടെ റാങ്കിംഗ് മെച്ചപ്പെടുത്താന്‍ സഹായകമാകും.

തുല്യശക്തികള്‍ തമ്മില്‍ കൂടുതല്‍ പോരാട്ടം നടത്തുന്ന നിലയിലേക്ക് പരിഷ്കരണം നടപ്പിലാക്കാനുള്ള നീക്കത്തിലാണ് ഫിഫ. എലോ റേറ്റിംഗ് സമ്പ്രദായം നടപ്പിലാക്കുമെന്ന് ഔദ്യോഗിക പത്രക്കുറിപ്പിലൂടെ ഫിഫ അറിയിച്ചിട്ടുണ്ട്. വനിതാ ഫുട്ബോളില്‍ നിലവില്‍ ഈ സമ്പ്രദായം വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.

റഷ്യന്‍ ലോകകപ്പിന് ശേഷം പുരുഷ ഫുട്ബോള്‍ റാങ്കിംഗ് ഇപ്രകാരമായിരിക്കും. ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളെക്കാള്‍ പോയിന്‍റ് നോക്കൗണ്ട് റൗണ്ടില്‍ ലഭിക്കുമെന്നതാണ് പ്രത്യേകത.