നൈജീരിയക്കെതിരെ അർജന്‍റീനയുടെ രക്ഷകനായി റോഹോ

സെയ്ന്‍റ് പീറ്റേഴ്‌സ്ബര്‍ഗ്: മാർക്കസ് റോഹോ ആദ്യമായല്ല നൈജീരിയക്കെതിരെ അർജന്‍റീനയുടെ രക്ഷകനാകുന്നത്. കഴിഞ്ഞ ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ താരമായത് റോഹോ തന്നെയാണ്. ഒരു ഗോളല്ല ജീവനാണ് അർജന്‍റീനയ്ക്ക് റോഹോ നൽകിയത്. എല്ലാ പ്രത്യാശയും നശിച്ച ടീമിന് ഊർജം നൽകിയ ഗോൾ.

നാല് വർഷം മുൻപ് ബ്രസീൽ ലോകകപ്പിൽ അർജന്‍റീനയെ ഗ്രൂപ്പ് ചാംപ്യൻമാരാക്കിയതും റോഹോയുടെ ഗോളാണ്. അന്ന് ഗ്രൂപ്പ് ഘട്ടത്തിൽ അർജന്‍റീനയ്ക്ക് ഏക ഭീഷണി നൈജീരിയ. മെസി അർജന്‍റീനയ്ക്ക് മൂന്നാം മിനുട്ടിൽ ലീഡ് നൽകി. മൂസയുടെ ഗോളിൽ നൈജീരിയ തിരിച്ചടിച്ചു. മെസി വീണ്ടും രക്ഷകനായെങ്കിലും നൈജീരിയ ഒപ്പമെത്തി. എന്നാല്‍ ഒരു കോർണറിലൂടെ വിജയഗോളുമായി അവതരിച്ചു റോഹോ.

ഒരേ സമയം പ്രതിരോധത്തിന്‍റെ മതിൽ തീർക്കുമ്പോഴും വിങ്ങുകളിലൂടെ മുന്നേറുന്ന താരം. കോർണറുകളിൽ നിർണായകമാകുന്ന റോഹോയുടെ മികവ് കണ്ടറിഞ്ഞാണ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് റാഞ്ചിയതും. ഇതുവരെ അർജന്‍റീനയ്ക്കായി 57 കളിയിൽ ജേഴ്സിയണിഞ്ഞ ഇരുപത്തിയെട്ടുകാരൻ മൂന്ന് ഗോളുകളും നേടി. രണ്ടാമത്തെ കളിയിൽനിന്നും മാറ്റിനിർത്തിയ തെറ്റിന് സാംപോളി പരിഹാരം ചെയ്തപ്പോൾ റോഹോയുടെ മറുപടി കളത്തിൽ കണ്ടു.