ട്രാൻസ് സൈബീരിയൻ തീവണ്ടിപ്പാതയില്‍ തിരക്കേറി

മോസ്‌കോ: ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തീവണ്ടിപ്പാതയാണ് ട്രാൻസ് സൈബീരിയൻ. റഷ്യയിൽ നിന്ന് ചൈനയിലേക്കും മംഗോളിയയിലേക്കും വരെ നീളുന്ന റെയിൽപ്പാത സഞ്ചാരികളുടെ പറുദീസയാണ്. ലോകകപ്പെത്തിയതോടെ ഈ പാതയിലെ തിരക്കും കൂടി. റഷ്യയുടെ ഹൃദയത്തിലൂടെ 9,289 കിലോമീറ്ററാണ് ട്രാൻസ് സൈബീരിയൻ പാതയുടെ മൊത്തം ദൂരം.യാത്ര ആരംഭിക്കുന്ന മോസ്കോയിൽ നിന്ന് യാത്ര അവസാനിക്കുന്ന വ്ലാഡിവൊസ്റ്റോക്കിലേക്ക് എത്താന്‍ എട്ട് ദിവസം. റഷ്യയെന്ന മഹാരാജ്യത്തിന്‍റെ മഞ്ഞുമൂടിയ വഴികളിലൂടെയും സംസ്കാരത്തിലൂടെയുള്ള യാത്ര കൂടിയാണ് ട്രാൻസ് സൈബിരിയൻ ട്രെയിൻ യാത്ര. അതുകൊണ്ട് തന്നെ ലോകകപ്പ് ഫുട്ബോൾ കാണാനെത്തുന്നവരിൽ റഷ്യയെ അടുത്തറിയാൻ ആഗ്രഹിക്കുന്നവര്‍ തെരഞ്ഞെടുക്കുന്ന പ്രധാന യാത്രാമാര്‍ഗ്ഗം കൂടിയാണ് ഇത്.യൂറോപ്പിൽ നിന്ന് ഏഷ്യവരെ നീണ്ടു കിടക്കുന്നതിനാൽ ഇരു വൻകരകളിലുമുള്ളവര്‍ക്ക് ഒരു പോലെ പാത പ്രയോജനപ്പെടുന്നു. ചൈനയെയും മംഗോളിയെയും ദക്ഷിണകൊറിയെയും ബന്ധിപ്പിക്കുന്ന പാതകൂടിയാണ് ട്രാൻസ് സൈബിരിയൻ പാത. റഷ്യയുടെ ഗ്രാമങ്ങളിലൂടെയും കുഗ്രാമങ്ങളിലൂടെയും നദിക്കരകളിലൂടെയും മലയടിവാരങ്ങളിലൂടെയും മാത്രമാണ് ഈ പാത കടന്നു പോകുന്നത്.ഏഷ്യാ- യൂറോപ്പ് അതിര്‍ത്തിയിൽ സ്ഥിതിചെയ്യുന്ന റഷ്യയിലെ നാലാമത്തെ വലിയ നഗരമായ യക്കാത്തരീൻബെര്‍ഗിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണാനെത്തുവരിൽ ഭൂരിഭാഗവും ഈ റെയിൽപ്പാതയാണ് യാത്രയ്ക്കായി ഉപയോഗിക്കുന്നത്.ലോകകപ്പ് ഓര്‍മ്മയിലേക്ക് സുന്ദരമായ ഒരു യാത്ര കൂടി ചേര്‍ത്ത് വെക്കാൻ.