ഇനിയസ്റ്റയെ സ്പാനിഷ് പ്രധാനമന്ത്രിയാണ് ആദരിച്ചത് കിരീടത്തോടെ മടങ്ങുകയാണ് ലക്ഷ്യമെന്ന് ഇനിയസ്റ്റ

മാഡ്രിഡ്: ലോകകപ്പിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് സ്പെയിന്‍. ബ്രസീലിൽ കൈവിട്ട ലോകകിരീടം വീണ്ടെടുക്കുകയാണ് പരിശീലകന്‍ യൂലൻ ലോപെട്ടേഗിക്ക് കീഴിൽ ചിട്ടയായ പരിശീലന നടത്തുന്ന സ്‌പാനിഷ് സംഘത്തിന്‍റെ ലക്ഷ്യം. ഇതിനിടെയാണ് സ്‌പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് താരങ്ങളുടെ പരിശീലന കേന്ദ്രത്തിലെത്തി ടീമിന് ആശംസകള്‍ അറിയിച്ചത്.

ഒപ്പം പ്ലേമേക്കർ ആന്ദ്രേസ് ഇനിയസ്റ്റയ്ക്ക് സ്പെയ്നിലെ പരമോന്നത കായികപുരസ്കാരമായ ക്രോസ് ഓഫ് മെറിറ്റ് ഇൻ സ്പോർട്സ് സമ്മാനിക്കുകയും ചെയ്തു. ബാഴ്സലോണയിൽ നിന്ന് ഈ സീസണോടെ പടിയിറിങ്ങിയ ഇനിയസ്റ്റയാണ് 2010 ലോകകപ്പിൽ സ്പെയിന്‍റെ വിജയഗോൾ നേടിയത്. അവസാന ലോകകപ്പിലും കിരീടത്തോടെ മടങ്ങുകയാണ് ലക്ഷ്യമെന്ന് ഇനിയസ്റ്റ പറഞ്ഞു. 

യുവത്വവും പരിചയസമ്പത്തും ഒരുമിച്ച ടീമിന് കിരീടം വീണ്ടെടുക്കാൻ കഴിയുമെന്ന് കോച്ച് ലോപെട്ടേഗിയും വിശ്വസിക്കുന്നു. ഗ്രൂപ്പ് ബിയിൽ ഈ മാസം 15ന് പോർച്ചുഗലിനെതിരെയാണ് സ്പെയിന്‍റെ ആദ്യ മത്സരം. ഇറാനും മൊറോക്കോയുമാണ് ഗ്രൂപ്പിലെ മറ്റ് എതിരാളികൾ.