അര്‍ജന്‍റീനന്‍ ടീമില്‍ കലഹമെന്ന് റിപ്പോര്‍ട്ട്

മോസ്‌കോ: ലോകകപ്പില്‍ ക്രൊയേഷ്യക്കെതിരായ ദയനീയ തോല്‍വിക്ക് പിന്നാലെ അര്‍ജന്‍റീനന്‍ ടീമില്‍ കലഹമെന്ന് റിപ്പോര്‍ട്ട്. പരിശീലകന്‍ സാംപോളിയെ അടിയന്തിരമായി മാറ്റണമെന്ന് ആവശ്യപ്പെട്ട് താരങ്ങള്‍ യോഗം ചേര്‍ന്നതായി അര്‍ജന്‍റീനയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി ടീമോ താരങ്ങളോ പ്രതികരിച്ചിട്ടില്ല.

മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് മുന്‍ ജേതാക്കള്‍ പരാജയപ്പട്ടത്. ഗോള്‍കീപ്പര്‍ വില്ലി കബല്ലാരോയുടെ മണ്ടത്തരവും പ്രതിരോധത്തിലെ വലിയ പിഴവുകളുമാണ് അര്‍ജന്‍റീനയെ ചതിച്ചത്. എന്നാല്‍ തോല്‍വിയോടെ അര്‍ജന്‍റീനയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ തുലാസിലായി. മത്സരത്തിന് ശേഷം തോല്‍വിയുടെ ഉത്തരവാദിത്വം പരിശീലകന്‍ സാംപോളി ഏറ്റെടുത്തിരുന്നു.