രണ്ടാം ജയത്തിനായി പെറുവിനെതിരെ ഫ്രാന്‍സ് ഓസ്ട്രേലിയ- ഡെന്‍മാര്‍ക്ക് മത്സരവും ഇന്ന്

മോസ്‌കോ: ലോകകപ്പില്‍ ആദ്യ ജയം തേടി അര്‍ജന്‍റീന ഇന്നിറങ്ങും. രാത്രി 11.30ന് നടക്കുന്ന മത്സരത്തില്‍ ക്രൊയേഷ്യയാണ് അര്‍ജന്‍റീനയുടെ എതിരാളികള്‍. സമ്മര്‍ദത്തിലാണ് മെസിയും സംഘവും രണ്ടാം അങ്കത്തിനിറങ്ങുന്നത്. ഇന്നത്തെ മറ്റ് മത്സരങ്ങളില്‍ ഫ്രാന്‍സ്, പെറുവിനെയും ഓസ്ട്രേലിയ, ഡെന്‍മാര്‍ക്കിനെയും നേരിടും.

നൈജിരീയയെ കീഴടക്കിയെത്തുന്ന ക്രൊയേഷ്യക്കെതിരെ ജയിച്ചില്ലെങ്കില്‍ മെസിക്കും സംഘത്തിനും മുന്നോട്ടുള്ള യാത്രബുദ്ധിമുട്ടാകും. അതുകൊണ്ടുതന്നെ ആക്രമണം ശക്തിപ്പെടുത്തിയാകും സാംപോളി ടീമിനെ വിന്യസിക്കുക. ഐസ്‍ലന്‍ഡിനെതിരെ മത്സരത്തലേന്ന് തന്നെ ആദ്യ ഇലവനെ പ്രഖ്യാപിച്ച പരിശീലകന്‍ നിര്‍ണായ മത്സരത്തില്‍ ടീമില്‍ അഴിച്ചുപണിക്ക് മുതിരും റിപ്പോര്‍ട്ടുകള്‍. 

വിമര്‍ശകര്‍ക്കുള്ള മറുപടി ലിയോണല്‍ മെസി കളത്തില്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ രണ്ടാം ജയം നേടി പ്രീ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിക്കാനാകും ക്രൊയേഷ്യയുടെ ശ്രമം. ലൂക്ക മോഡ്രിച്ചും ഇവാന്‍ റാക്കിറ്റിച്ചും നയിക്കുന്ന മധ്യനിരയാണ് അവരുടെ കരുത്ത്. 

അര്‍ജന്‍റീനയപോലൊരു ടീമിനെതിരെ നഷ്ടപ്പെടാനൊന്നുമില്ലാത്തതിനാല്‍ ഒരു സമ്മര്‍ദവുമില്ലാതെയാകും കളിക്കുകയെന്ന് പരിശീലകന്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. 1998 ലോകകപ്പില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ അര്‍ജന്‍റീനക്കായിരുന്നു ജയം. പക്ഷെ ലോകകപ്പില്‍ ഇതുവരെ രണ്ടാം മത്സരം തോറ്റ ചരിത്രമില്ല ക്രൊയേഷ്യക്ക്. 

മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ടാണ് റാങ്കിംഗില്‍ പതിനൊന്നാമതുള്ള പെറുവിനെതിരെ ഇറങ്ങുന്നത്. ആദ്യ കളിയില്‍ നിറം മങ്ങി ജയിച്ച ഫ്രാന്‍സിന് ഇന്ന് പ്രകടനം മെച്ചപ്പെടുത്തിയേ മതിയാകൂ. ഇതിന് മുന്‍പ് ഒരിക്കല്‍ മാത്രമാണ് ഇരു ടീമും നേര്‍ക്കനേര്‍ വന്നിട്ടുളളത്. അന്നത്തെ ജയത്തിന്‍റെ ഓര്‍മകള്‍ പെറുവിന് ആത്മവിശ്വാസം നല്‍കുന്നതാണ്.