ആദ്യ പകുതിയില്‍ ഓസ്‌ട്രേലിയക്ക് നിരാശ
മോസ്കോ: ലോകകപ്പില് ഗ്രൂപ്പ് സിയില് ഓസ്ട്രേലിയക്കെതിരെ ആദ്യ പകുതിയില് പെറുവിന് ഒരു ഗോള് ലീഡ്. താരതമ്യേന ശക്തരായ ഓസ്ട്രേലിയക്കെതിരെ 18-ാം മിനുറ്റില് കാരില്ലോയാണ് പെറുവിനായി വലകുലുക്കിയത്. ഈ ലോകകപ്പില് പെറുവിന്റെ ആദ്യ ഗോള് കൂടിയാണിത്.
ഗോള് വന്ന വഴി
തുടക്കത്തില് പന്ത് കാല്ക്കല് വെച്ചത് പെറുവാണെങ്കിലും പിന്നാലെ ചൂണ്ടിയെടുത്ത് ഓസ്ട്രേലിയ ആക്രമണങ്ങള് തുടങ്ങി. പെറുവിന്റെ ക്രിസ്റ്റ്യനെതിരെ കാലുയര്ത്തിയതിന് 12-ാം മിനുറ്റില് ജെഡിനാക്കിന് മഞ്ഞക്കാര്ഡ്. എന്നാല് പതിനെട്ടാം മിനുറ്റില് ലോകകപ്പിലെ മോശം പ്രകടനത്തിന്റെ കണക്കുതീര്ത്ത് പെറു ആദ്യ ഗോള് കണ്ടെത്തി. അതും ലോകോത്തരം എന്ന് മാത്രം വിശേഷിപ്പിക്കാവുന്ന തകര്പ്പന് വോളിയിലൂടെ.
നായകന് പൗലോ ഗുരേരോയുടെ പാസില് ബോക്സിന്റെ വലതുഭാഗത്തുനിന്ന് കാരില്ലോ ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചപ്പോള് സ്റ്റേഡിയത്തിലെ പെറു ആരാധകര് ഇളകിമറിഞ്ഞു. 28-ാം മിനുറ്റില് ഓസ്ട്രേലിയക്ക് സമനില സമ്മാനിക്കുമെന്ന് തോന്നിച്ച് റോജിക്ക് നടത്തിയ മുന്നേറ്റം പെറു ഗോളി ഗല്ലീസിന്റെ കൈകളില് അവസാനിച്ചു. പിന്നാലെ തിരിച്ചടിക്കാന് ഓസ്ട്രേലിയ കിണഞ്ഞുശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
