വിന്‍സന്‍റ് കമ്പാനിക്ക് പരിക്ക്; ബെല്‍ജിയത്തിന് തിരിച്ചടി
മോസ്കോ: ആദ്യ ലോകകപ്പ് കിരീട മോഹവുമായാണ് കരുത്തരായ ബെല്ജിയം റഷ്യയിലെത്തുന്നത്. എന്നാല് ലോകകപ്പിന് തൊട്ടുമുമ്പ് കിട്ടിയ അപ്രതീക്ഷിത തിരിച്ചടിയില് ഞെട്ടിയിരിക്കുകയാണ് പരിശീലകന് റോബർട്ടോ മാർട്ടിനസ്. പോർച്ചുഗലിനെതിരായ സന്നാഹ മത്സരത്തിനിടെ പ്രതിരോധനിരയിലെ കരുത്തനായ വിന്സന്റ് കമ്പാനിക്ക് പരിക്കേറ്റതാണ് ബെല്ജിയത്തെ ആശങ്കയിലാഴ്ത്തുന്നത്. തിങ്കളാഴ്ച്ച ലോകകപ്പിനുള്ള അന്തിമ 23 അംഗ ടീമിനെ പ്രഖ്യാപിക്കണമെന്നിരിക്കേ റോബർട്ടോ മാർട്ടിനസിനെ ഇത് ആശയക്കുഴപ്പത്തിലാക്കും.
കോമ്പാനിയുടെ കാര്യത്തിലെ ആശങ്ക പരിശീലകന് തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. മാഞ്ചസ്റ്റർ സിറ്റി നായകന് കൂടിയായ കോമ്പാനി ലോകകപ്പ് കളിക്കുമോയെന്ന് നാളെയറിയാം. കഴിഞ്ഞ കുറച്ച് നാളുകളായി പരിക്കുകള് കമ്പബാനിയെ വലയ്ക്കുന്നുണ്ട്. ടീമിലിടം ലഭിച്ചാല് 32കാരനായ കമ്പാനിയുടെ അവസാന ലോകകപ്പായിരിക്കും റഷ്യയിലേത് എന്നാണ് വിലയിരുത്തലുകള്. ബെല്ജിയത്തിനായി 77 മത്സരങ്ങളില് കമ്പാനി കളിച്ചിട്ടുണ്ട്. പോർച്ചുഗലിനെതിരായ മത്സരത്തില് പോർച്ചുഗലിനെതിരെ ബെല്ജിയം ഗോള്രഹിത സമനില വഴങ്ങിയിരുന്നു.
