റഷ്യയില്‍ കപ്പ് കാനറികള്‍ നേടുമെന്ന് ഇതിഹാസ താരം

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ സൂപ്പര്‍ താരം നെയ്മര്‍ ബ്രസീലിനെ ആറാം കിരീടത്തിലേക്ക് നയിക്കുമെന്ന് ഇതിഹാസ താരം കഫു. നാല് വര്‍ഷം മുമ്പ് സ്വന്തം നാട്ടില്‍ ഏറ്റുവാങ്ങിയ നാണക്കേട് മായ്ക്കാനുള്ള മരുന്ന് ടിറ്റെയുടെ സംഘത്തിനുണ്ടെന്ന് കഫു വ്യക്തമാക്കി. മഞ്ഞക്കുപ്പായത്തില്‍ രണ്ട് ലോകകപ്പ്(1994, 2002) നേടിയ താരമാണ് കഫു. ഞായറാഴ്ച്ച സ്വിറ്റ്സര്‍ലന്‍ഡിനെതിരെയാണ് ബ്രസീലിന്‍റെ ആദ്യ മത്സരം. 

നെയ്‌മറാണ് ബ്രസീലിയന്‍ ടീമിലെ മികച്ച താരം. വ്യക്തിപരമായ അഭിപ്രായത്തില്‍ ലോകത്തെ മികച്ച താരങ്ങളിലൊരാള്‍ കൂടിയാണയാള്‍. നെയ്‌മര്‍, കൗട്ടീഞ്ഞോ എന്നിവരാണ് ബ്രസീലിയന്‍ നിരയിലെ പ്രധാനികള്‍. എന്നാല്‍, ലോകത്തെ കരുത്തുറ്റ താരങ്ങളിലൊരാളായ നെയ്മര്‍ തന്നെയാണ് ലോകകപ്പില്‍ ബ്രസീലിന്‍റെ കുന്തമുന എന്ന് തറപ്പിച്ചുപറയാം. റഷ്യയില്‍ കാനറികള്‍ കപ്പുയര്‍ത്തുമെന്നും ഇതിഹാസ താരം പറഞ്ഞു.

ബ്രസീല്‍ നന്നായി കളിക്കുന്നുണ്ട്. വര്‍ഷങ്ങളായി ലോകകപ്പ് ലക്ഷ്യമാക്കി അവര്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നു. എല്ലാ പൊസിഷനിലും അനുഭവസമ്പന്നരായ താരങ്ങള്‍ ബ്രസീലിനുണ്ട്. അവരെല്ലാം ക്ലബുകളില്‍ പ്രധാനപ്പെട്ട താരങ്ങളുമാണ്. ഓരോ മത്സരം കഴിയുമ്പോഴും ടീമിന്‍റെ മികവ് കൂടുകയാണ്. പരിശീലകന്‍ ടിറ്റെ ടീമിന് സവിശേഷമായ ശൈലി നല്‍കിക്കഴിഞ്ഞു. അതിനാല്‍ ബ്രസീല്‍ കപ്പുയര്‍ത്തും- മുന്‍ ലോകകപ്പ് ജേതാവ് കൂട്ടിച്ചേര്‍ത്തു.