ഈജിപ്ത്- ഉറുഗ്വെ പോരാട്ടം ഇന്ന്

മോസ്‌കോ: പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തുന്ന സ്‌ട്രൈക്കര്‍ മുഹമ്മദ് സലായുടെ കരുത്തില്‍ ലോകകപ്പ് ജൈത്രയാത്ര തുടങ്ങാന്‍ ഈജിപ്ത് ഇന്നിറങ്ങും. ഗ്രൂപ്പ് എയില്‍ വൈകിട്ട് 5.30ന് തുടങ്ങുന്ന കളിയില്‍ ലൂയിസ് സുവാരസിന്‍റെ ഉറുഗ്വെയാണ് എതിരാളികള്‍. സലാ ആദ്യ ഇലവനില്‍ ഇറങ്ങുമെന്ന സൂചനാണ് പരിശീലകന്‍ നല്‍കുന്നത്. 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈജിപ്ത് ലോകകപ്പിനെത്തുന്നത്. 

ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍(2010) നാലാമതെത്തിയെങ്കിലും ബ്രസീലില്‍(2014) 12-ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ട ഉറുഗ്വെ നില മെച്ചപ്പെടുത്താനാണ് ശ്രമിക്കുക. ലൂയി സുവാരസിന്‍റെയും എഡിസണ്‍ കവാനിയുടെയും അക്രമണ മൂര്‍ച്ചയാവും ഉറുഗ്വെയുടെ വിധി തീരുമാനിക്കുക. അതേസമയം ലീവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിച്ച സലായെ കേന്ദ്രീകരിച്ചാണ് ഈജിപ്‌ത് തന്ത്രങ്ങള്‍ മെനയുന്നത്. 

മഹമൂദ് ഹസന്‍, മുന്‍ സ്റ്റോക് സിറ്റി താരം റമദാന്‍ സോദി എന്നിവരുടെ പ്രകടനവും ഈജിപ്‌തിന് നിര്‍ണായകമാകും. രണ്ട് തവണ ലോക ചാമ്പ്യന്‍മാരായെങ്കിലും 1950ന് ശേഷം കിരീടമുയര്‍ത്താന്‍ ഉറുഗ്വെയ്ക്ക് ആയിട്ടില്ല. ബോസ്‌കി സ്‌പോര്‍ട്സ് സെന്‍ററിലെ പരിശീലനം കഴിഞ്ഞാണ് ലാറ്റിനമേരിക്കന്‍ ടീമിന്‍റെ വരവ്. എന്നാല്‍ ആദ്യ കിരീടത്തിനപ്പുറം ലോകകപ്പിലേക്കുള്ള മടങ്ങിവരവ് ആവേശമാക്കാനാകും ഈജിപ്തിന്‍റെ ശ്രമം.