പ്രായത്തെയും ഗോളിനെയും തടഞ്ഞുനിര്‍ത്തി ഹദാരിയുടെ കൈകള്‍
മോസ്കോ: ലോകകപ്പില് കളിക്കുന്ന പ്രായമേറിയ താരമാണ് ഈജിപ്ഷ്യന് ഗോള്കീപ്പര് ഇസാം എല് ഹദാരി. സൗദിക്കെതിരായ മത്സരത്തില് ഗ്ലൗസണിഞ്ഞ ഹദാരി നിര്ണായക പെനാല്റ്റി തടഞ്ഞ് മത്സരത്തിലെ മിന്നും താരമായി. മത്സരത്തില് പിറന്ന രണ്ട് പെനാല്റ്റികളൊന്ന് തടുത്ത് 45-ാം വയസിലാണ് ഹദാരി ബാറിനു കീഴെ അത്ഭുത പ്രകടനം കാഴ്ച്ചവെച്ചത്. ലോകകപ്പില് പെനാല്റ്റി തടുക്കുന്ന പ്രായം കൂടിയ താരമെന്ന നേട്ടവും ഇതോടെ ഇസാം എല് ഹദിരാക്ക് സ്വന്തമായി.
മത്സരത്തിന്റെ 39-ാം മിനുറ്റിലാണ് ഈജിപ്തിനെ ഞെട്ടിച്ച് സൗദിക്കനുകൂലമായി ആദ്യ പെനാല്റ്റി വിധിച്ചത്. ഇടത് വിങില് നിന്നുള്ള അല് ഷഹ്റാനിയുടെ ക്രോസ് ഫാത്തിയുടെ കയ്യില് തട്ടിയതിനായിരുന്നു ഇത്. ഈജിപ്ഷ്യന് ബാറിനു കീഴെ അജയ്യനായി നിന്ന എല് ഹദാരി സൗദിക്കായി ഫഹദ് അല് മുവല്ലദ് തൊടുത്ത കിക്ക് പറന്നുതട്ടി. എന്നാല് ഇഞ്ചുറിടൈമില് സല്മാന് അല് ഫറാജിന്റെ രണ്ടാം പെനാല്റ്റി ഹദാരിക്ക് തടുക്കാനായില്ല. എങ്കിലും ഹദാരിയുടെ ക്ലാസ് മനസിലാക്കാന് ഒരു സേവ് തന്നെ ധാരാളമായിരുന്നു.
