ലോകകപ്പ് ആവേശത്തില്‍ നാടും നഗരവും

കൊല്ലം: തകര്‍പ്പന്‍ ഡയലോഗുകള്‍, കൊക്കിന് കൊള്ളുന്ന മറുപടികള്‍. മൈതാനത്തല്ല ഫ്ലക്സുകളിലാണ് ഇപ്പോള്‍ പൊരിഞ്ഞ പോരാട്ടം. ലോകകപ്പ് അങ്ങ് റഷ്യയിലാണെങ്കിലും ആരാധകരുടെ വാക്പോര് ഇവിടെ കേരളത്തിലാണ്. സാഹിത്യത്തിന്‍റെ ചില മേമ്പോടിയൊക്കെ ചേര്‍ത്തെഴുതിയ ഫ്ലക്സുകളാണ് ആരാധകരെ ആവേശം തീര്‍ക്കുന്നത്. അര്‍ജന്‍റീന, ബ്രസീല്‍ ഫാന്‍സുകളാണ് കൂടുതലും ഫ്ലക്സുകളില്‍ കൊമ്പ് കോര്‍ക്കുന്നത്. സിനിമാ ഡയലോഗ് മുതല്‍ കവിതാ ശകലങ്ങള്‍ വരെ രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തി ഫ്ലക്സുകളിലെഴുതി ചേര്‍ത്തിട്ടുണ്ട്. ലോകകപ്പിന് കിക്കോഫാകുന്നതോടെ ഫ്ലക്‌സുകളിലെ വാക്ക്പോര് അതിര്‍ത്തികള്‍ ഭേദിക്കും. ജൂലൈ 15ന് ഏതെങ്കിലുമൊരു ടീം ലോകകപ്പ് ഉയര്‍ത്തുന്നതുവരെ പോരാട്ടം തുടരും.