ഓസ്‌ട്രേലിയയെ 2-1ന് തകര്‍ത്തു

കസാന്‍: റഷ്യന്‍ ലോകകപ്പില്‍ ടൂര്‍ണമെന്‍റ് ഫേവറിറ്റുകളായ ഫ്രാന്‍സിന് വിജയത്തുടക്കം. ആദ്യ പകുതിയില്‍ ഓസ്‌ട്രേലിയയോട് ഗോള്‍രഹിത സമനില വഴങ്ങിയ ഫ്രാന്‍സ് രണ്ടാം പകുതിയില്‍ 2-1ന്‍റെ ലീഡ് നേടിയാണ് വിജയമുറപ്പിച്ചത്. ഫ്രാന്‍സിനായി ഗ്രീസ്മാനും പോഗ്ബയും ഗോള്‍ നേടിയപ്പോള്‍ ജെഡിനാക്കാണ് ഓസ്‌ട്രേലിയയുടെ ഗോള്‍ മടക്കിയത്. 

ആദ്യ പകുതി
കരുത്തുറ്റ താരനിരയുമായെത്തിയ ഫ്രാന്‍സിനെ ആദ്യ പകുതിയില്‍ ഓസ്‌ട്രേലിയ സമനിലയില്‍ പിടിച്ചുകെട്ടി. സൂപ്പര്‍ താരങ്ങളായ ഗ്രീസ്മാന്‍, എംബാപ്പേ, പോഗ്ബ, ഡെംബലേ എന്നിവര്‍ ആദ്യ ഇലവനിലെത്തിയിട്ടും ഓസ്‌ട്രേലിയന്‍ വലകുലുങ്ങിയില്ല. ഗ്രീസ്മാനും എംബാപ്പേയും മാറിമാറി ഓസ്‌ട്രേലിയന്‍ ഗോള്‍മുഖത്തെ ലക്ഷ്യമിട്ടെങ്കിലും നിരാശയായിരുന്നു ഫലം. മറുവശത്ത് ഫ്രാന്‍സ് ഗോള്‍ കീപ്പര്‍ ലോറിസിന് വെല്ലുവിളിയാകുന്ന ഒരു ഷോട്ടു പോലും ഉതിര്‍ക്കാന്‍ ഓസ്‌ട്രേലിയക്കുമായില്ല.

രണ്ടാം പകുതി
ആദ്യ പകുതിയിലെ ഗോള്‍ വരള്‍ച്ചയ്ക്ക് രണ്ടാം പകുതിയില്‍ ഗ്രീസ്മാനിലൂടെ ഫ്രാന്‍സ് അറുതിവരുത്തി. 58-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗ്രീസ്മാന്‍ വലതുമൂലയിലെത്തിച്ചു. എന്നാല്‍ നാല് മിനുറ്റുകളുടെ ഇടവേളയില്‍ ജെഡിനാക്കിലൂടെ ഓസ്‌ട്രേലിയ സമനില പിടിച്ചതോടെ മത്സരത്തിന് ചൂടുപിടിച്ചു. ഗ്രീസ്മാന് പകരം ജിറൗഡിനെയും ഡെംബേലേക്ക് പകരം ഫെക്കിറിനെയുമിറക്കി ഫ്രാന്‍സ് മത്സരത്തില്‍ വഴിത്തിരിവുണ്ടാക്കാന്‍ ശ്രമിച്ചു.

വീണ്ടും സമനിലയിലേക്ക് എന്ന തോന്നിച്ച കളിയില്‍ ഫ്രാന്‍സിന്‍റെ ഹര്‍ഷാരവം ഉയരാന്‍ 80-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. പകരക്കാരനായെത്തിയ ജിറൗഡിനൊപ്പം പോഗ്ബ നടത്തിയ മുന്നേറ്റം ഓസ്‌ട്രേലിയന്‍ ബാറിനു തട്ടി വലയ്ക്കുള്ളിലേക്ക് നുഴഞ്ഞിറങ്ങിയതോടെ ഫ്രാന്‍സ് വീണ്ടും മുന്നിലെത്തി. എന്നാല്‍ അവസാന നനിമിഷം വരെ സമനിലയ്ക്ക് ശ്രമിച്ച് ഓസ്‌ട്രേലിയ കീഴടങ്ങുകയായിരുന്നു.