സ്വീഡന് 1-0ന്‍റെ ലീഡ്
സോചി: ലോകകപ്പില് ജര്മനിയെ വിറപ്പിച്ച് ആദ്യ പകുതിയില് സ്വീഡിഷ് പടയോട്ടം. വാശിയേറിയ പോരാട്ടത്തിനിടയില് ഓല ടോയ്വനെന് നേടിയ തകര്പ്പന് ഗോള് സ്വീഡന് 1-0ന്റെ ലീഡ് സമ്മാനിച്ചു. കളംനിറഞ്ഞ് കളിച്ചത് ജര്മനിയാണെങ്കിലും മികച്ച സ്ട്രൈക്കറുടെ അഭാവവും ഫിനിഷിംഗിലെ പോരായ്മകളും മുന് ചാമ്പ്യന്മാര്ക്ക് തിരിച്ചടിയായി.
മത്സരത്തിന്റെ മൂന്നാം മിനുറ്റില് ജര്മന് താരം ഡാക്സ്ലറിന്റെ ഗോള് ശ്രമം വിഫലമായി. ആറാം മിനുറ്റിലാണ് ആദ്യ സ്വീഡീഷ് ആക്രമമുണ്ടായത്. എന്നാല് ജര്മന് ബോക്സില് പ്രതിരോധതാരങ്ങള് ആ ശ്രമം തടഞ്ഞു. എട്ടാം മിനുറ്റില് ജര്മനി നടത്തിയ മിന്നും മുന്നേറ്റം വെര്ണര് ബാറിന് മുകളിലൂടെ പുറത്തേക്കടിച്ചു. 12-ാം മിനുറ്റില് വീണ്ടുമൊരു സ്വീഡന് തിരിച്ചടിയും പാളി. പിന്നിടങ്ങോട്ട് അടിയും തിരിച്ചടിയുമായി ടീമുകള് പോരാടിയെങ്കിലും ഗോള് മാറിനിന്നു.
പരിക്കേറ്റ് മൂക്കില് നിന്ന് രക്തം വാര്ന്ന ജര്മന് താരം റൂഡിക്ക് ഇതിനിടെ കളിക്കളം വിടേണ്ടിവന്നു. എന്നാല് 32-ാം മിനുറ്റില് ജര്മനിക്ക് സ്വീഡന് ആദ്യ ഷോക്ക് നല്കി. ജര്മന് പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി ഓല ടോയ്വനെന് സ്വീഡനായി വലകുലുക്കി. ക്ലാസന് നല്കിയ തന്ത്രപരമായ പാസ് ടോയ്വനെന് നീന്തിത്തുടിച്ച് ഗോള്കീപ്പര് ന്യൂയര്ക്ക് മുകളിലൂടെ ചിപ്പ് ചെയ്ത് വലയിലാക്കുകയായിരുന്നു. അവസാന നിമിഷം ലാര്സണെടുത്ത തകര്പ്പന് ഫ്രീകിക്ക് ന്യൂയറിന് കീഴടങ്ങി.
