മണിയാശാന്‍ അര്‍ജന്‍റീനയെങ്കില്‍ കടകംപള്ളി ബ്രസീല്‍

തിരുവനന്തപുരം: ഫിഫ ലോകകപ്പിന്‍റെ ആരാധക പോരിനിടയില്‍ മണിയാശാന് കൊട്ടുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ലോകകപ്പില്‍ ബ്രസീലിനെ പിന്തുണച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് കടകംപള്ളി കൗതുകം കാട്ടിയത്. 'ചങ്കിടിപ്പല്ല ചങ്കുറപ്പാണ്...കാനറിപ്പടയാണ് ആശാനേ കാല്‍പന്തിന്‍റെ ആവേശം...മഞ്ഞപ്പടയുടെ മാന്ത്രികതയ്ക്കൊപ്പം' എന്നായിരുന്നു കടകംപള്ളി ഫേസ്ബുക്കില്‍ കുറിച്ചത്.

അന്നും ഇന്നും എന്നും അര്‍ജന്‍റീനയാണ് ചങ്കും ചങ്കിടിപ്പുമെന്ന് മണിയാശാന്‍ നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. അര്‍ജന്‍റീനയുടെ ടീ ഷര്‍ട്ടുമിട്ട് ഫുട്ബോള്‍ തട്ടുന്ന ചിത്രവും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവച്ചു. എന്നാല്‍ ബ്രസീലിനെ പിന്തുണച്ച് പ്രൊഫൈല്‍ ചിത്രം മാറ്റിയാണ് കടകംപളളി മണിയാശാനെ പ്രതിരോധിച്ചത്. കേരളത്തിലെ ലാറ്റിനമേരിക്കന്‍ വൈരികളുടെ ആരാധകക്കൂട്ടത്തിലേക്ക് രണ്ട് മന്ത്രിമാരെ കിട്ടിയ ആഹ്ലാദത്തിലാണ് ആരാധകര്‍.