അര്‍ജന്‍റീനയുടെ ഭയം ഇതാണെന്നും മുന്‍ താരം

മോസ്‌കോ: ലോകകപ്പില്‍ അര്‍ജന്‍റീനന്‍ സ്‌ട്രൈക്കര്‍ ലിയോണല്‍ മെസി സമ്മര്‍ദ്ധത്തിലും നിരാശയിലുമാണെന്ന് മുന്‍ പ്രതിരോധ താരം പാബ്ലോ സബലേറ്റ. അപൂര്‍വ്വമായി മാത്രമാണ് മെസിയെ ഇത്രത്തോളം നിരാശനായി കാണുന്നത്. ഇതാണ് ലോകകപ്പില്‍ അര്‍ജന്‍റീനയുടെ യഥാര്‍ത്ഥ ഭയമെന്നും ബിബിസി സ്‌പോര്‍ട്ടില്‍ എഴുതിയ കോളത്തില്‍ ഇതിഹാസ താരം കുറിച്ചു. 

ബ്രസീലിനെതിരെ 2012ല്‍ തങ്ങള്‍ ഒന്നിച്ച് കളിച്ചപ്പോള്‍ മെസി വളരെയധികം സന്തോഷവാനായിരുന്നു. ചിരിക്കുന്ന മുഖവുമായി മത്സരത്തിനിറങ്ങിയ മെസി ഹാട്രിക് നേടിയിരുന്നു. എന്നാല്‍ ക്രൊയേഷ്യക്കെതിരായ മത്സരത്തിന് മുന്‍പ് സമ്മര്‍ദ്ധത്തിനടിമപ്പെട്ട മെസിയെ ആണ് കണ്ടത്. മെസിയുടെ മനസിലൂടെ കടന്നുപോകുന്നത് എന്താണെന്ന് ഇത് തെളിയിക്കുന്നതായി സബലേറ്റ പറഞ്ഞു. 

നിലവിലെ സാഹചര്യത്തില്‍ മെസിയില്‍ നിന്ന് കൂടുതല്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നതാണ് ഇതിന് കാരണമെന്നും മുന്‍ താരം പറയുന്നു. പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ നൈജീരിയക്കെതിരെ നിര്‍ണായക മത്സരത്തിന് അര്‍ജന്‍റീന ഇറങ്ങാനിരിക്കേയാണ് സബലേറ്റയുടെ വെളിപ്പെടുത്തല്‍. ക്രൊയേഷ്യക്കെതിരായ മത്സരത്തിലെ അര്‍ജന്‍റീയുടെ മോശം പ്രകടനത്തെ വിമര്‍ശിച്ച് സബലേറ്റ നേരത്തെ രംഗത്തെത്തിയിരുന്നു.