ആദ്യ മത്സരത്തില്‍ മാര്‍സലോ നായകന്‍

മോസ്‌കോ: റോബര്‍ട്ടോ കാര്‍ലോസിന് ശേഷം ബ്രസീല്‍ കണ്ട മികച്ച ലെഫ്റ്റ് ബാക്ക് ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. കാര്‍ലോസിന്‍റെ പിന്‍ഗാമിയായി റയല്‍ മാഡ്രിഡിലെത്തിയ മാര്‍സലോ എന്ന ചുരുളന്‍ മുടിക്കാരന്‍. ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തിന് ബ്രസീല്‍ ഇറങ്ങുമ്പോള്‍ പ്രതിരോധവും വിങ്ങുകളിലൂടെയുള്ള മിന്നലാക്രമണങ്ങളും മാത്രമായിരിക്കില്ല മാര്‍സലോയുടെ ചുമതല. 

സ്വിറ്റ്സര്‍ലന്‍ഡിനെതിരായ ബ്രസീലിയന്‍ ടീമിനെ നയിക്കുക പ്രതിരോധനിരയിലെ ഈ വിശ്വസ്തനായിരിക്കും. പരിശീലകന്‍ ടിറ്റെയുടെ റൊട്ടേഷന്‍ പോളിസി അനുസരിച്ചാണ് മുപ്പതുകാരനായ മാര്‍സലോ നായകന്‍റെ ബാന്‍ഡ് അണിയുന്നത്. ആറാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് റഷ്യയിലെത്തിയ കാനറികള്‍ക്ക് ആദ്യ ജയം സമ്മാനിക്കുകയാണ് മാര്‍സലോയുടെ മുന്നിലുള്ളത്. 

കുട്ടിക്കാലം മുതലുള്ള തന്‍റെ സ്വപ്‌നമാണ് പൂവണിയുന്നത് എന്നായിരുന്നു നായകനായി പ്രഖ്യാപിച്ചതിന് ശേഷമുള്ള മാര്‍സലോയുടെ പ്രതികരണം. ദേശീയ കുപ്പായത്തില്‍ കളിക്കുക എന്നത് ബീച്ചില്‍ ഫുട്ബോള്‍ തട്ടിത്തുടങ്ങിയ കുട്ടിക്കാലത്തെ സ്വപ്‌നമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നായകനായി അവരോധിക്കപ്പെട്ടിരിക്കുന്നു. പണം കൊണ്ട് സ്വന്തമാക്കാന്‍ കഴിയാത്ത വലിയ നേട്ടമാണത്- മാര്‍സലോ പറഞ്ഞു. 

സ്വന്തം നാട്ടില്‍ ജര്‍മ്മനിയോട് 7-1ന് പരാജയപ്പെട്ടതിന്‍റെ നാണക്കേട് മാറ്റാന്‍ കൂടിയാണ് ബ്രസീല്‍ ഇക്കുറി അങ്കത്തിനിറങ്ങുന്നത്. ഫുട്ബോളില്‍ സംഭവിക്കുന്ന സ്വാഭാവിക കാര്യങ്ങളാണ് അതെന്നായിരുന്നു ജര്‍മ്മനിയോടേറ്റ വന്‍ തോല്‍വിയെക്കുറിച്ച് നായകന്‍റെ പ്രതികരണം. ബെലോ ഹൊറിസോന്‍റേയില്‍ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയ ടീമില്‍ നിറകണ്ണുകളോടെ മാര്‍സലോയും ഉണ്ടായിരുന്നു.