30 വേശ്യകള്‍ക്കൊപ്പം പാര്‍ട്ടി നടത്തി മെക്‌സിക്കന്‍ ടീമംഗങ്ങള്‍ വിവാദത്തില്‍

മെക്‌സിക്കോ: ലോകകപ്പിന് റഷ്യയിലേക്ക് തിരിക്കു മുന്‍പ് 30 വേശ്യകള്‍ക്കൊപ്പം പാര്‍ട്ടി നടത്തി മെക്‌സിക്കന്‍ ടീമംഗങ്ങള്‍ വിവാദത്തില്‍. സ്‌കോട്ട്‌ലന്‍ഡിനെതിരായ സൗഹൃദമത്സരശേഷം ഒമ്പത് താരങ്ങളാണ് മെക്സിക്കോ സിറ്റിയിലെ സ്വകാര്യ പാര്‍പ്പിടത്തില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തത്. ടിവിനോട്ടസ് ഗോസിപ്പ് മാഗസിനാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

താരങ്ങള്‍ പാര്‍ട്ടിക്കെത്തുന്നതിന്‍റെ ചിത്രങ്ങളും മാഗസിന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാര്‍ട്ടി ഔദ്യോഗികമായി സംഘടിപ്പിച്ചതല്ലെന്നും ഒഴിവുസമയത്താണ് താരങ്ങള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തത് എന്നുമാണ് മെക്‌സിക്കന്‍ ടീം അധികൃതരുടെ പ്രതികരണം. പരിശീലനം നഷ്ടപ്പെടുത്തിയിട്ടില്ലെന്നും അതിനാല്‍ താരങ്ങള്‍ക്കെതിരെ നടപടിയെടുക്കില്ലെന്നും മെക്‌സിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ഗ്വില്ലര്‍മോ കാണ്ടു വ്യക്തമാക്കിയിട്ടുണ്ട്. 

കഴിഞ്ഞ ബ്രസീല്‍ ലോകകപ്പില്‍ മിന്നും പ്രകടനം കാഴ്ച്ചവെച്ച ഗോള്‍കീപ്പര്‍ ഗില്ലെര്‍മോ ഒച്ചാവോ, ബെന്‍ഫിക്ക സ്‌ട്രൈക്കര്‍ റൗള്‍ ജിമെനെസ് എന്നിവര്‍ ആരോപണവിധേയരിലുണ്ട്. കോപ്പന്‍ഹേഗില്‍ ഡെന്‍മാര്‍ക്കിനെതിരായ സൗഹൃദമത്സരത്തിന് തയ്യാറെടുക്കുകയാണ് മെക്സിക്കന്‍ ടീമിപ്പോള്‍. ഇതാദ്യമായല്ല മെക്സിക്കന്‍ ടീമിനെ ലൈംഗിക വിവാദം വേട്ടയാടുന്നത്.