ലോകകപ്പിലെ ടോപ് സ്‌കോറര്‍ ക്ലോസെയാണ്

മോസ്‌കോ: ഫുട്ബോള്‍ മൈതാനം പോലെ പരന്നുകിടക്കുന്ന ബ്രസീലില്‍ വീണ്ടും ലോകകപ്പ് മാമാങ്കം വിരുന്നെത്തിയപ്പോള്‍ ആരാധകര്‍ അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. 2014 ലോകകപ്പില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ മാരക്കാന എന്ന അഹങ്കാരം ബ്രസീലിയന്‍ ആരാധകര്‍ക്ക് കണ്ണീര്‍ക്കടലായി. സെമിയില്‍ 7-1ന് തോല്‍വി വാങ്ങി വിശ്വപ്രസിദ്ധമായ മാരക്കാനില്‍ കാനറികള്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ട് ഫുട്ബോള്‍ ചരിത്രത്തിന്‍റെ കറുത്ത നാളുകളിലേക്ക് തിരികെനടന്നു.

മറുവശത്ത് ബ്രസീലിയന്‍ കണ്ണീര്‍ ഗോള്‍മഴയാക്കി ജര്‍മ്മനി കലാശക്കളിക്ക് യോഗ്യത നേടി. എന്നാല്‍ ദയനീയ പരാജയത്തിനൊപ്പം കാനറികളുടെ ഇതിഹാസ താരത്തിന്‍റെ റെക്കോര്‍ഡ് കൂടി ജര്‍മ്മന്‍ ഗോള്‍മഴയില്‍ ഒലിച്ചുപോയി. മത്സരത്തില്‍ ജര്‍മ്മനിയുടെ രണ്ടാം ഗോള്‍ കുറിച്ച് മിറോസ്ലാവ് ക്ലോസേ ലോകകപ്പിലെ ടോപ് സ്‌കോറര്‍ എന്ന റൊണാള്‍ഡോയുടെ റെക്കോര്‍ഡ് കടപുഴക്കി. ബ്രസീലിയന്‍ ആരാധകരെ സംബന്ധിച്ച് ചരിത്ര മൈതാനത്തെ മറ്റൊരു അനീതി. 

ജൂണ്‍ 14ന് റഷ്യയില്‍ വീണ്ടുമൊരു ഫുട്ബോള്‍ മാമാങ്കത്തിന് കിക്കോഫാകുമ്പോള്‍ ക്ലോസെയാണ് ടോപ് സ്‌കോറര്‍ പദവിക്ക് അവകാശി. 15 ഗോളുകളുമായി ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ രണ്ടാമനും, 14 ഗോളടിച്ച് ജര്‍മ്മന്‍ ഗോള്‍മെഷീന്‍ ജെര്‍ഡ് മുള്ളര്‍ മൂന്നാമനും. കരിയറിലാകെ ജര്‍മ്മന്‍ ജഴ്‌സിയില്‍ 137 മത്സരങ്ങളും 71 ഗോളുമായി മിറോസ്ലാവ് ക്ലോസേ 2016ല്‍ ബൂട്ടഴിച്ചു. ഇതിനിടെ നാല് ലോകകപ്പുകളിലായി(2002, 2006, 2010, 2014) 24 മത്സരങ്ങളില്‍ ക്ലോസെയ്ക്ക് പന്തുതട്ടാനായി.