റാമോസിന്‍റെ അപകടകരമായ ചലഞ്ചില്‍ സലായുടെ അമ്പരപ്പിക്കുന്ന പ്രതികരണം

ലിവര്‍പൂള്‍: ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ ലിവര്‍പൂളിന്‍റെ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലായ്ക്ക് പരിക്കേറ്റത് ഈജിപ്തിന്‍റെ ലോകകപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. കീവില്‍ നടന്ന ഫൈനലില്‍ റയല്‍‍ പ്രതിരോധ താരം സെര്‍ജിയോ റാമോസിന്‍റെ ചലഞ്ചിനിടെയാണ് സലായ്ക്ക് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്ന് പിന്നാലെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

സംഭവത്തില്‍ റാമോസിനെതിരെ വലിയ പ്രതിഷേധമാണ് ലോകമെങ്ങും അരങ്ങേറിയത്. റാമോസിനെ കളിയില്‍ നിന്ന് ബാന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ലക്ഷം ഒപ്പുകള്‍ ആരാധകര്‍ ശേഖരിച്ചിരുന്നു. എന്നാല്‍ പരിക്കില്‍ റാമോസിനെ സലാ കുറ്റപ്പെടുത്തുന്നില്ലെന്ന് പറയുന്നു ലിവര്‍പൂള്‍ ടീം ഫിസിയോ റൂബന്‍ പോന്‍സ്. "റാമോസുമായി സലായ്ക്ക് പ്രശ്നങ്ങളെന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. ആകസ്മികമായി സംഭവിച്ച ചലഞ്ചാണത്". റൂബനെ ഉദ്ധരിച്ച് ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. 

എന്നാല്‍ ആരാധകരുടെ ആശങ്കകള്‍ അവസാനിപ്പിച്ച് ലോകകപ്പില്‍ സലാ കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ലോകകപ്പില്‍ കളിക്കാനാകുമെങ്കിലും ഉറുഗ്വേയ്ക്കെതിരായ ഈജിപ്തിന്‍റെ ആദ്യ മത്സരത്തില്‍ സലാ കളിക്കുമോയെന്ന് ഇപ്പോള്‍ വ്യക്തമല്ല. ജൂണ്‍ 14നാരംഭിക്കുന്ന റഷ്യന്‍ ലോകകപ്പില്‍ ഈജിപ്തിന്‍റെ മുഴുവന്‍ പ്രതീക്ഷകളും സ്‌‌ട്രൈക്കര്‍ മുഹമ്മദ് സലായിലാണ്.