ഇറാനെതിരെ ഒരു ഗോളിന്‍റെ സമനില

മോസ്‌കോ: ലോകകപ്പില്‍ ഗ്രൂപ്പ് ബിയില്‍ ഇറാനെതിരെ ഒരു ഗോളിന്‍റെ സമനിലയുമായി പോര്‍ച്ചുഗല്‍ പ്ലേ ഓഫില്‍. സമനിലയോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായ പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍ ഉറുഗ്വെയെ നേരിടും. ആദ്യ പകുതിയില്‍ റിക്കാര്‍ഡോ കരിസ്‌മയുടെ വണ്ടര്‍ ഗോളില്‍ മുന്നിലെത്തിയ പോര്‍ച്ചുഗലിന് രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍റ്റി ക്രിസ്റ്റ്യാനോ നഷ്ടപ്പെടുത്തി. അതേസമയം ഇറാന് പെനാല്‍റ്റിയിലൂടെ അന്‍സാരിഫാദ് സമനില നേടിക്കൊടുത്തു. 

ആദ്യ പകുതി
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയുടെ പെരുമയുമായെത്തിയ പോര്‍ച്ചുഗലിനെ തുടക്കത്തില്‍ തളയ്ക്കുകയായിരുന്നു ഇറാന്‍. കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ വെച്ചിട്ടും നാല് തവണ മാത്രമാണ് ലക്ഷ്യത്തിലേക്ക് പന്തടിക്കാന്‍ പോര്‍ച്ചുഗലിനായത്. എന്നാല്‍ 45-ാം മിനുറ്റില്‍ റിക്കാര്‍ഡോ കരിസ്‌മയിലൂടെ പോര്‍ച്ചുഗല്‍ മുന്നിലെത്തി. സില്‍വയുടെ പാസില്‍ നിന്ന് രണ്ട് പ്രതിരോധതാരങ്ങളെ വെട്ടിച്ച് 18 വാര അകലെ നിന്നുള്ള കരിസ്‌മയുടെ വണ്ടര്‍കിക്ക് വലയില്‍ വീണു‍. 

രണ്ടാം പകുതി
ഇറാനെതിരെ 1-0ന്‍റെ ലീഡില്‍ രണ്ടാം പകുതി ആരംഭിച്ച പോര്‍ച്ചുഗലിനെതിരെ ഇറാന്‍ പുറത്തെടുത്തത് കടുത്ത പ്രതിരോധം. 52-ാം മിനുറ്റില്‍ ബോക്സില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വീഴ്ത്തിയതിന് വാറിന്‍റെ സഹായത്തോടെ റഫറി പെനാല്‍റ്റി അനുവദിച്ചു. എന്നാല്‍ മെസിക്ക് സംഭവിച്ച ദുരന്തം ഓര്‍മ്മിപ്പിച്ച് റൊണോയുടെ കിക്ക് ഗോളിയില്‍ തട്ടിനിന്നു. റൊണോയുടെ പെനാല്‍റ്റി തടുത്ത് ഇറാനിയന്‍ ഗോളി അലീറെസ ഹീറോയായി.

ഇറാന്‍റെ സമനില ഗോള്‍
മത്സരത്തില്‍ വീണ്ടുമൊരു വഴിത്തിരിവുണ്ടായത് 90-ാം മിനുറ്റില്‍. പോര്‍ച്ചുഗല്‍ പ്രതിരോധ താരം സെഡ്രിക്ക് പന്ത് കൈകൊണ്ട് തട്ടിയതിന് മത്സരത്തിലെ രണ്ടാം പെനാല്‍റ്റി. ഇത്തവണയും വിധി തീരുമാനിച്ചത് വാര്‍. പെനാല്‍റ്റി കിക്കെടുത്ത പകരക്കാരന്‍ അന്‍സാരിഫാദ് ഗോളിയെ നിഷ്‌പ്രഭനാക്കി പന്ത് വലതുമൂലയിലെത്തിച്ചു. ഇതോടെ ഇറാന്‍ സമനില നേടി പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.