റഷ്യന്‍ ലോകകപ്പിലെ ഇഷ്ട ടീമിനെ കുറിച്ച് റിനോ ആന്‍റോ ഏഷ്യാനെറ്റ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു

റിനോ ആന്റോ വിശ്രമത്തിലാണ്. കേരള ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാര്‍ അവസാനിച്ചതോടെ ബംഗളൂരുവിലെ വീട്ടില്‍ കുടുംബവുമായി കഴിയുന്നു. ഐ ലീഗ്- ഐഎസ്എല്‍ ടീമുകള്‍ റിനോയ്ക്ക് പിന്നാലെയുണ്ട്. അധികം വൈകാതെ പുതിയ ക്ലബിനെ കുറിച്ച് റിനോ തന്നെ പുറത്ത് വിടും. അതുവരെ ചിന്ത ലോകകപ്പിനെ കുറിച്ച് മാത്രം. ബംഗളൂരു എഫ്‌സിയുടെ മുന്‍താരം കൂടിയായ റിനോയ്ക്ക് ചെറിയ വിഷമമുണ്ട്. ഇഷ്ടപ്പെട്ട ടീമായി ഇറ്റലിക്ക് ഇത്തവണ ലോകകപ്പിന് യോഗ്യത നേടാന്‍ സാധിച്ചില്ലെന്നുള്ളത് തന്നെ. എങ്കിലും ആരാധിക്കാന്‍ ഒരു ടീമുണ്ട്. നെയ്മറും സംഘവും. റിനോയുടെ പിന്തുണ ബ്രസീലിനാണ്. ഒരു സമയത്ത് റിനോ ആരാധിച്ചിരുന്നതും ബ്രസീലിനെ തന്നെ. 

2006 ലോകപ്പിലായിരുന്നു റിനോയ്ക്ക് ഇറ്റലി പ്രേമം തലയ്ക്ക് പിടിക്കുന്നത്. അന്ന് ജര്‍മനിയില്‍ നടന്ന ലോകകപ്പില്‍ ഇറ്റലിയെ നയിച്ചത് കന്നവാരോ. ഫ്രാന്‍സിസ്‌കോ ടോട്ടിയും മാര്‍കോ മറ്റരേസിയും ആന്ദ്രേ പിര്‍ലോയുമൊക്കെ റിനോയുടെ ഇഷ്ടത്തിന് കാരണമായിരുന്നു. എന്നാല്‍ റോബര്‍ട്ടോ കാര്‍ലോസും റൊണാള്‍ഡോയും റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയുമെല്ലാം ഒന്നിച്ച് കളിച്ച 2002ലെ ജപ്പാന്‍- കൊറിയ ലോകകപ്പും മറക്കാന്‍ കഴിയില്ല ഈ തൃശൂര്‍ക്കാരന്. ഇത്തവണ നെയ്മറും ഫിര്‍മിഞ്ഞോയും കുടിഞ്ഞോയും അടങ്ങുന്ന സംഘം ലോകകപ്പ് ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരാണെ റിനോ ഉറച്ച് വിശ്വസിക്കുന്നു.ലിവര്‍പൂളിന്റെ കടുത്ത ആരാധകനായ റിനോയെ ഏറ്റവും വേദനിപ്പിച്ച സംഭവമാണ് കഴിഞ്ഞ ലോകകപ്പില്‍ ബ്രസീലില്‍ നടന്നത്. ജര്‍മനിയില്‍ നിന്ന് ബ്രസീലിനേറ്റ അടി. ലോകകപ്പ് സെമിയില്‍ ജര്‍മനിയോട് 7-1ന് തകര്‍ന്നടിയുമ്പോള്‍ തലകുനിച്ച അനേകായിരം ബ്രസീല്‍ ആരാധകരില്‍ ഒന്ന് റിനോയുടേത് കൂടിയായിരുന്നു. അതും സ്വന്തം നാട്ടില്‍ ലോകകപ്പ് പോലെ ഒരു വലിയ വേദിയില്‍. എന്നാല്‍ ജര്‍മനിയെ മലര്‍ത്തിയടിച്ച് ഒളിംപിക്‌സ് സ്വര്‍ണം നേടുമ്പോള്‍ ചെറിയൊരു ആശ്വാസമൊന്നുമല്ല 30കാരന് കിട്ടിയത്. ഇത്തവണ ഇറ്റലിയ്ക്ക് യോഗ്യത ലഭിക്കാതിരുന്നപ്പോഴും അതേ മനോവിഷമം. ഇത്തവണ ബ്രസീല്‍ കഴിഞ്ഞാല്‍ റിനോ ഏറ്റവും കൂടതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീം ഫ്രാന്‍സാണ്. അവരുടെ ഒത്തിണക്കമാണ് റിനോയെ അത്ഭുതപ്പെടുന്നത്. ഇറ്റലിക്കെതിരേ സൗഹൃദ മത്സരത്തിലും ആ കാഴ്ച കാണാമായിരുന്നുവെന്ന് റിനോ പറയുന്നു. 'എല്ലാ വര്‍ഷത്തേയും പോലെ ജര്‍മനിക്കും ഇത്തവണ സാധ്യതയേറെയാണ്. എന്നാല്‍ സ്പാനിഷ് ടീമില്‍ നിന്ന് അധികമൊന്നും പ്രതീക്ഷിക്കുന്നില്ല. സാവി ഉണ്ടാക്കിയ അഭാവം വലുതാണ്. മറികടക്കാന്‍ പ്രയായസമാണ്. അര്‍ജന്റീനയുടെ കാര്യത്തിലും അധികം പ്രതീക്ഷയില്ല. മെസിയില്‍ മാത്രം ഒതുങ്ങി പോകുന്ന ടീമാണ്' അര്‍ജന്‍റീന എന്നും റിനോ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.