ലാറ്റിനമേരിക്കൻ- യൂറോപ്യൻ ശൈലികള്‍ മാറി

മോസ്‌കോ: ഓരോ ലോകകപ്പ് എത്തുമ്പോഴും ഫുട്ബോൾ ലോകത്ത് ഉയർന്നുകേൾക്കുന്നതാണ് ലാറ്റിനമേരിക്കൻ ശൈലി, യൂറോപ്യൻ ശൈലി എന്നീ പ്രയോഗങ്ങൾ. ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ യൂറോപ്യൻ, ലാറ്റിനമേരിക്കൻ കേളീശൈലികൾ തമ്മിലുള്ള വ്യത്യാസം കുറഞ്ഞുവന്നു. ലോകകപ്പ് റഷ്യയിലേക്ക് എത്തിയപ്പോൾ ശൈലീ വ്യത്യാസമില്ലാതെ ഒരൊറ്റച്ചരടിൽ കോർത്ത കളിയായി മാറിയിരിക്കുന്നു ഫുട്ബോൾ.ഇമ്പമുള്ള കവിത പോലെയായിരുന്നു ലാറ്റിനമേരിക്കൻ ഫുട്ബോൾ. ജയത്തിനപ്പുറം കളി, കാണുന്നവർക്കുകൂടിയുള്ളതാണെന്ന് വിശ്വസിച്ച ശൈലി. തിരമാലപോലെ ഇടവേളയില്ലാത്ത ആക്രമണം. കുറിയ പാസുകളും ചടുലനീക്കങ്ങളുമായി പന്തിൽ ആത്മപ്രകാശനം നടത്തുന്ന കളിക്കാരും ടീമുകളും. എന്നാല്‍ കരുത്തും വേഗവുമാണ് യൂറോപ്യൻ ഫുട്ബോളിന്‍റെ മുഖമുദ്ര. എതിരാളിയെ വരിഞ്ഞുമുറുക്കുക, അപ്രതീക്ഷിത പ്രത്യാക്രമണത്തിലൂടെ തിരിച്ചടിക്കുക. നീളൻ പാസുകളും മിന്നൽ ഗോളുകളും എപ്പോഴും പ്രതീക്ഷിക്കാം.

യൂറോപ്യൻ കരുത്തിനെ മറികടക്കാൻ താരതമ്യേന ശാരീരികക്ഷമതകുറഞ്ഞ ലാറ്റിൻ അമേരിക്കക്കാർ കണ്ടെത്തിയ പോംവഴിയായിരുന്നു കുറിയപാസുകൾ. ക്രോസ്ബാറിന് കീഴിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഹിഗ്വിറ്റയും ഷിലാവർട്ടുമെല്ലാം ലാറ്റിനമേരിക്കയുടെ അടയാളങ്ങൾ.

കഴിഞ്ഞനൂറ്റാണ്ടിന്‍റെ അവസാനം ലാറ്റിനമേരിക്കൻ താരങ്ങൾ യൂറോപ്യൻ ക്ലബുകളിലേക്ക് ചേക്കേറാൻ തുടങ്ങിയതോടെ ശൈലീവ്യത്യാസം കുറഞ്ഞുവന്നു. ബ്രസീലും അർജന്‍റീനയുമെല്ലാം യൂറോപ്പിന്‍റെ പ്രതിരോധമികവും സ്പെയ്നും ഹോളണ്ടും ഫ്രാൻസും ജർമനിയുമെല്ലാം തെക്കേ അമേരിക്കയുടെ ഒഴുക്കുള്ള കളിയും കടമെടുത്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ടോടെ ശൈലീ വ്യത്യാസം കുറഞ്ഞുവന്നു. 2010ൽ സ്പെയ്ൻ കപ്പുയർത്തിയപ്പോൾ മനോഹര ഫുട്ബോളിന്‍റെ നേർക്കാഴ്ചയായി അത്. ജർമനി കഴിഞ്ഞ തവണ ചാമ്പ്യൻമാരായത് സമ്മിശ്രശൈലിയിലാണ്. ലോകകപ്പ് റഷ്യയിലേക്ക് എത്തിയപ്പോൾ ശൈലീവ്യത്യാസങ്ങൾ ഏറക്കുറെ ഇല്ലാതായി. ആക്രമിച്ച് കളിക്കുന്നതിനേക്കാൾ എതിരാളിയുടെ ശക്തിദൗർബല്യങ്ങൾ മനസ്സിലാക്കിയാണ് ഓരോ ടീമും കളിക്കിറങ്ങുന്നത്. ഇതുകൊണ്ടുതന്നെ ഓരോ കളിയും പാടെ വ്യത്യസ്തമായി.