ഈജിപ്തിനെ 2-1ന് മുട്ടുകുത്തിച്ചു
മോസ്‌കോ: ലോകകപ്പില്‍ ഇഞ്ചുറി ടൈമില്‍ സലീം അല്‍ ദവ്‌സാരിയിലൂടെ ഈജിപ്തിനെ 2-1ന് മുട്ടുകുത്തിച്ച് സൗദി അറേബ്യയ്ക്ക് മടക്കം. പന്തടക്കത്തിലും ആക്രമണത്തിലും മുന്നിലായിരുന്നെങ്കിലും രണ്ട് പെനാല്‍റ്റികളില്‍ ഒന്ന് നഷ്ടപ്പെടുത്തിയ സൗദി 95-ാം മിനുറ്റിലാണ് വിജയഗോള്‍ നേടിയത്. പെനാല്‍റ്റിയിലൂടെ സല്‍മാന്‍ അല്‍ ഫറാജിന്‍റെ വകയായിരുന്നു സൗദിയുടെ ആദ്യ ഗോള്‍. ഈജിപ്തിന്‍റെ തിരിച്ചടിയാവട്ടെ മുഹമ്മദ് സലായുടെ ഏക ഗോളില്‍ ഒതുങ്ങി.
മാന്ത്രികനായി സലാ
ആദ്യ പകുതിയില്‍ പന്തിന്‍റെ നിയന്ത്രണം സൗദി അറേബ്യയുടെ കാലുകളിലായിരുന്നു. എന്നാല്‍ കിട്ടിയ അവസരം മുതലാക്കി സൂപ്പര്‍ സ്‌ട്രൈക്കര്‍ സലാ വലയിലേക്ക് ചേക്കേറിയപ്പോള്‍ ഈജിപ്‌ത് ലീഡ് സ്വന്തമാക്കി. 22-ാം മിനുറ്റില്‍ അബ്ദുള്ള എല്‍ സെയ്ദ് മധ്യവരയ്ക്കിപ്പുറത്ത് നിന്ന് തൊടുത്തുവിട്ട ലോംഗ് പാസ് സലാ കാലുകളില്‍ സ്വീകരിച്ചു. രണ്ട് പ്രതിരോധതാരങ്ങള്‍ക്ക് മുകളിലൂടെ പറന്നിറങ്ങിയ പന്ത് ഗോളിയെ കാഴ്ച്ചക്കാരനാക്കി ചിപ്പ് ചെയ്ത് വലയില്‍.
പെനാല്‍റ്റി പാഴാക്കി സൗദി
എന്നാല്‍ 39-ാം മിനുറ്റില്‍ ഈജിപ്തിനെ ഞെട്ടിച്ച് സൗദിക്കനുകൂലമായി ആദ്യ പെനാല്‍റ്റി. ഇടത് വിങില്‍ നിന്നുള്ള അല്‍ ഷഹ്റാനിയുടെ ക്രോസ് ഫാത്തിയുടെ കയ്യില്‍ തട്ടിയതിന് റഫറി പെനാല്‍റ്റി അനുവദിച്ചു. ഈജിപ്ഷ്യന്‍ ബാറിനു കീഴെ അജയ്യനായി നില്‍ക്കുന്നത് ലോകകപ്പ് ചരിത്രത്തിലെ പ്രായം കൂടിയ താരമായ എല്‍ ഹദാരി. ഫഹദ് അല്‍ മുവല്ലദ് തൊടുത്ത കിക്കിന് ഹദാരിയുടെ അനുഭവസമ്പത്തിനെ മറികടക്കാനായില്ല.
ഒടുവില്‍ സൗദിയുടെ പ്രതികാരം
എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറിടൈമില്‍ വീണ്ടും നാടകീയ സംഭവങ്ങള്‍ അരങ്ങേറി. അല്‍ മുവല്ലദിനെ ബോക്‌സില്‍ ഈജിപ്ഷ്യന്‍ താരം ഗബര്‍ വീഴ്ത്തിയതിന് മത്സരത്തില്‍ സൗദിക്കനുകൂലമായി രണ്ടാം പെനാല്‍റ്റി. 'വാര്‍' പരിശോധിച്ച ശേഷമായിരുന്നു കിക്കിന് റഫറിയുടെ തീരുമാനം. പൊനാല്‍റ്റിയെടുത്ത സല്‍മാന്‍ അല്‍ ഫറാജ് ഹദാരികളുടെ കൈകളെ കീഴക്കിയതോടെ ഒരു ഗോളിന്‍റെ സമനിലയ്ക്ക് മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു.
വിജയാരവത്തോടെ സൗദി
മത്സരം 90 മിനുറ്റ് പൂര്‍ത്തിയായപ്പോള്‍ അധിക ഗോളുകള്‍ പിറന്നില്ല. നാല് മിനുറ്റ് അധിക സമയം അനുവദിച്ചതോടെ ടീമുകള്‍ വിജയഗോള്‍ നേടാനുള്ള ആവേശത്തിലായി. ഇതിനിടെ അബ്‌ദുള്ളയുടെ പാസില്‍ ബോക്സിന്‍റെ പുറത്തുനിന്ന് സലീം അല്‍ ദവ്‌സാരി തൊടുത്ത മിന്നല്‍ പ്രഹരം വലയിലെത്തിയതോടെ സൗദി വിജയമുറപ്പിക്കുകയായിരുന്നു. ജയത്തോടെ ഗ്രൂപ്പ് എയില്‍ സൗദി മൂന്നാമതായപ്പോള്‍ ഈജിപ്തിന് അവസാന സ്ഥാനക്കാരായി മടക്കം .
