നിര്‍ണായക മത്സരങ്ങളില്‍ ആദ്യ പകുതി ആവേശകരം

മോസ്‌കോ: ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലെ നിര്‍ണായക മത്സരങ്ങളില്‍ ആദ്യ പകുതി ആവേശകരം‍. ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ സ്‌‌പെയിനും മൊറോക്കോയും ഓരോ ഗോളടിച്ച് തുല്യത പാലിക്കുകയാണ്. സ്‌പെയിനായി ഇസ്‌കോയും മൊറോക്കോയ്ക്കായി ബൗതെയ്ബുമാണ് ഗോളുകള്‍ നേടിയത്. രണ്ടാം മത്സരത്തില്‍ ഇറാനെതിരെ കരിസ്‌മയുടെ ഗോളില്‍ പോര്‍ച്ചുഗല്‍ മുന്നിട്ടുനില്‍ക്കുന്നു.

സ്‌പെയിന്‍- മൊറോക്കോ: 1-1
നിര്‍ണായക മത്സരത്തില്‍ സ്‌പെയിനിനും മൊറോക്കോയ്ക്കും ആദ്യ പകുതിയില്‍ ഓരോ ഗോളുകള്‍ കുറിച്ചു‍. സ്‌പെയിന് ആദ്യ പ്രഹരം നല്‍കി 14-ാം മിനുറ്റില്‍ ബൗതെയ്ബ് മൊറോക്കോക്കായി വലകുലുക്കി. ഇനിയസ്റ്റ-റാമോസ് സഖ്യത്തില്‍ നിന്ന് തട്ടിയെടുത്ത പന്തുമായി കുതിച്ച ബൗതെയ്ബ് പ്രതിരോധഭടന്‍ പിക്വെയെയും ഗോള്‍കീപ്പര്‍ ഡി ഗിയയെയും കാഴ്ച്ചക്കാരാക്കി വലയിലിട്ടു.

എന്നാല്‍ അഞ്ച് മിനുറ്റുകളുടെ ഇടവേളയില്‍ ഇസ്‌കോയിലൂടെ തിരിച്ചടിച്ച് സ്‌പെയിന്‍ സമനില പിടിച്ചു. ഗോള്‍ വഴങ്ങിയതിന് പ്രതികാരം ചെയ്ത് ഗോളിലേക്ക് ചരടുവലിച്ചത് ഇനിയസ്റ്റ. അതിവേഗനീക്കത്തിനൊടുവില്‍ ഇനിയസ്റ്റ നല്‍കിയ പാസില്‍ നിന്ന് ഇസ്‌കോ മനോഹരമായി ഫിനിഷ് ചെയ്തു. ഓരോ ഗോള്‍ വീണ് തുല്യതയായ ശേഷം ടീമുകള്‍ ലീഡിനായി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

പോര്‍ച്ചുഗല്‍- ഇറാന്‍: 1-0 

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയുടെ പെരുമയുമായെത്തിയ പോര്‍ച്ചുഗലിനെ തുടക്കത്തില്‍ തളയ്ക്കുകയായിരുന്നു ഇറാന്‍. കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ വെച്ചിട്ടും നാല് തവണ മാത്രമാണ് ലക്ഷ്യത്തിലേക്ക് പന്തടിക്കാന്‍ പോര്‍ച്ചുഗലിനായത്. എന്നാല്‍ 45-ാം മിനുറ്റില്‍ റിക്കാര്‍ഡോ കരിസ്‌മയിലൂടെ പോര്‍ച്ചുഗല്‍ മുന്നിലെത്തി. സില്‍വയുടെ പാസില്‍ നിന്ന് രണ്ട് പ്രതിരോധതാരങ്ങളെ വെട്ടിച്ച് 18 വാര അകലെ നിന്നായിരുന്നു കരിസ്‌മയുടെ ഗോള്‍.