ആതിഥേയരോട് വമ്പൻ ടൂർണമെന്‍റുകളിൽ തോല്‍ക്കുന്നത് സ്‌പെയിന് പുതുമയല്ല
മോസ്കോ: ലോകകപ്പ് ഷൂട്ടൗട്ടിൽ ഇത് മൂന്നാം തോൽവിയാണ് സ്പെയിനിന്. ആതിഥേയരെ വമ്പൻ ടൂർണമെന്റുകളിൽ തോൽപിച്ചിട്ടില്ലെന്ന ചരിത്രത്തിനൊപ്പം ഷൂട്ടൗട്ട് ദുരന്തവുമെത്തിയതോടെ മുൻ ചാംപ്യൻമാരുടെ പതനം പൂർത്തിയാവുകയായിരുന്നു. കളി ഷൂട്ടൗട്ടിലേക്കെത്തിയപ്പോൾ ഫെർണാണ്ടോ ഹിയറോയുടെ ഓർമ 2002ലേക്ക് പോയിട്ടുണ്ടാവണം. അന്ന് തെക്കൻ കൊറിയക്കെതിരെ ക്വാർട്ടറിൽ ഷൂട്ടൗട്ടിൽ പുറത്തായിരുന്നു സ്പെയിൻ.
2002 ലോകകപ്പിൽ തന്നെ രണ്ടാം റൗണ്ടിൽ അയർലണ്ടിനോട് പെനാൽറ്റി ഷൂട്ടൗട്ട് കടന്നാണ് സ്പെയിനെത്തിയത്. ഹിയറോ ലക്ഷ്യം കണ്ടു, ജാക്വിൻ റോഡ്രിഗസിന് പിഴച്ചപ്പോൾ കൊറിയ ചരിത്രം തിരുത്തുന്നത് സ്പെയിൻ കണ്ടുനില്ക്കാനേ കഴിഞ്ഞുള്ളൂ. ലോകകപ്പിൽ സ്പെയിനിന്റെ ആദ്യ പെനാൽറ്റി ഷൂട്ടൗട്ട് ദുരന്തം 1986ലേതാണ്. അന്ന് ക്വാർട്ടറിൽ ബെൽജിയത്തിന് മുന്നിൽ കീഴടങ്ങി.
ലുഷ്നിക്കിയിൽ ആവർത്തിച്ച വേറൊന്നുണ്ട്. ആതിഥേയർക്ക് മുന്നിൽ മുട്ടിടിക്കുന്ന സ്പാനിഷ് ചരിത്രം. ലോകകപ്പിലും യൂറോ കപ്പിലുമായി ഒമ്പത് തവണയാണ് ആതിഥേയ ടീമുകളോട് സ്പെയിൻ മത്സരിച്ചത്. ഒമ്പതും തോറ്റു. ലോകത്ത് വേറൊരു ടീമിനും അവകാശപ്പെടാനില്ലാത്ത റെക്കോഡ് ഭദ്രമാക്കി റഷ്യയിൽ നിന്ന് മടങ്ങുന്നു റാമോസും സംഘവും.
