ഈ നാണംകെട്ട തോല്‍വിക്ക് ഉത്തരവാദികള്‍ സ്‌പെയിന്‍ മാത്രമാണ്
മോസ്കോ: പെനാല്റ്റി ഷൂട്ടൗട്ടില് കൊകെയും അസ്പാസും ഗോള്ശ്രമങ്ങള് പാഴാക്കി ലോകകപ്പില് നിന്ന് മുന് ചാമ്പ്യന്മാരായ സ്പെയിന് പുറത്താകുമ്പോള് ഉയരുന്ന ഒരു ചോദ്യമുണ്ട്. ലോക ഫുട്ബോളിലെ കരുത്തന്മാര് നിറഞ്ഞ ടീമിന് താരതമ്യേന ദുര്ബലരായ റഷ്യയെ തോല്പിച്ച് പ്രീക്വാര്ട്ടര് കടമ്പ കടക്കാന് കഴിയാത്തത് എന്തുകൊണ്ടെന്ന ചോദ്യം ഉയരുക സ്വാഭാവികം. കുറിയ പാസുകള് പോലെ കുറിയ ഉത്തരമല്ല അത്.
ഈ ചോദ്യത്തിനുള്ള ഉത്തരം സ്പെയിന് പാളയത്തിലെ നാടകീയതകളിലുണ്ട്. ലോകകപ്പ് കിക്കോഫിന് 48 മണിക്കൂര് ശേഷിക്കേ പരിശീലകന് ജൂലന് ലെപ്റ്റെഗ്യുയിയെ പുറത്താക്കിയ സ്പാനിഷ് ഫുട്ബോള് അസോസിയേഷന് തന്നെയാണ് ഇതില് പ്രതി. റയല് മാഡ്രിഡന്റെ പരിശീലകനായി സ്ഥാനമേറ്റതാണ് ലെപ്റ്റെഗ്യുയിയുടെ കസേര തെറിപ്പിച്ചത്. സ്പെയിന് പരിശീലകന് സ്പാനിഷ് ജനതയെ പൂര്ണമായും പ്രതിനിധാനം ചെയ്യണം എന്നായിരുന്നു ഇതിന് ഫുട്ബോള് അസോസിയേഷന് നല്കിയ വിശദീകരണം.
ഇതോടെ 'കപ്പിത്താന്' ഇല്ലാതായ സ്പാനീഷ് പടക്കപ്പല് എവിടെവരെ പോകുമെന്ന് ആരാധകര് ആകാംഷയോടെ കാത്തിരുന്നു. എന്നാല് പ്രവചനങ്ങള് തെറ്റിക്കാതെ സ്പാനീഷ് കപ്പല് പാതിവഴിയില് യാത്ര മുടക്കി. ഇനിയസ്റ്റ അടക്കമുള്ള സുവര്ണതാരങ്ങള്ക്ക് ലോകകപ്പ് കണ്ണീരായി. പ്രീക്വാര്ട്ടര് ഷൂട്ടൗട്ടില് റഷ്യയോട് 4-3ന് അടിയറവുപറഞ്ഞ് ടിക്കി ടാക്ക മടക്കയാത്രയായി. അവസാന നിമിഷം പരിശീലകന്റ കുപ്പായമണിഞ്ഞ ഹെയ്റോയ്ക്ക് ടീമിനെ വിജയത്തില് എത്തിക്കാനാകാത്തതില് അത്ഭുതപ്പെടാനില്ല.
