അക്കിലസിനെ തള്ളി സുലൈമാന്‍ കോഴിയെ ഏറ്റെടുത്ത് ആരാധകര്‍

റഷ്യന്‍ ലോകകപ്പിലെ പ്രവചനവീരന്‍ അക്കിലസ് പൂച്ചയെ തപ്പി നടക്കുകയാണ് അര്‍ജന്‍റീനന്‍ ആരാധകര്‍. അര്‍ജന്‍റീന- നൈജീരിയ മത്സരത്തിലെ അക്കിലസിന്‍റെ പ്രവചനം പിഴച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്. മത്സരത്തില്‍ നൈജീരിയ വിജയിക്കുമെന്നായിരുന്നു അക്കിലസിന്‍റെ പ്രവചനം. എന്നാല്‍ മത്സരം പൂര്‍ത്തിയായപ്പോള്‍ അര്‍ജന്‍റീന ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചു. 

അക്കിലസിന്‍റെ പ്രവചനം പിഴച്ചപ്പോള്‍ ആരാധകരുടെ താരമായ ഒരു കോഴിയുണ്ട്. പേര് സുലൈമാന്‍. അര്‍ജന്‍റീന വിജയിക്കുമെന്ന സുലൈമാന്‍ കോഴിയുടെ പ്രവചനം അച്ചട്ടാവുകയായിരുന്നു. വ്യാജനാണെന്ന് പ്രചരണമുണ്ടെങ്കിലും പ്രവചനം ഫലിച്ചതോടെ സുലൈമാന്‍ കോഴി ഒരു കാര്യത്തില്‍ നിന്ന് രക്ഷപെട്ടു. അക്കിലസിനെ പോലെ അര്‍ജന്‍റീനന്‍ ആരാധകരുടെ വറുചട്ടിക്കായി കാത്തിരിക്കേണ്ടിവന്നില്ല.