'ഇമ്രാന്‍ ഖാനെ വിവാഹം ചെയ്തത് വലിയ തെറ്റായിപ്പോയി' തുറന്നടിച്ച് റെഹം ഖാന്‍

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പ് ചൂടിലിരിക്കെ പാക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികൂടിയായ മുന്‍ ക്രിക്കറ്റര്‍ ഇമ്രാന്‍ ഖാനെതിരെ കടുത്ത ആരോപണവുമായി മുന്‍ ഭാര്യ റെഹം ഖാന്‍. റെഹം ഖാനെ വിവാഹം ചെയ്തത് തെറ്റായിപ്പോയെന്ന ഇമ്രാന്‍ ഖാന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് റെഹം രംഗത്തെത്തിയിരിക്കുന്നത്. 

ഇമ്രാന്‍ ഖാനെ വിവാഹം ചെയ്തത് വലിയ തെറ്റായിപ്പോയെന്നും സ്തുതി പാടുന്ന മറ്റാരെയെങ്കിലും അയാള്‍ക്ക് തെരഞ്ഞെടുക്കാമായിരുന്നുവെന്നും റെഹം തിരിച്ചടിച്ചു. പാക്ക് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സൈന്യത്തിന്‍റെ രഹസ്യ പിന്തുണയോടെ മത്സരിക്കാനൊരുങ്ങുന്ന ഇമ്രാന്‍റെ തെഹ്‍രീക് - ഇ - ഇന്‍സാഫ് പാര്‍ട്ടിയ്ക്ക് തലവേദയായിരിക്കുകയാണ് ഇരുവര്‍ക്കുമിടയില്‍ തുടരുന്ന വാക്പോര്. ദിവസങ്ങള്‍ക്ക് മുമ്പ് റെഹം ഖാന്‍ എന്ന പേരില്‍ അവര്‍ ആത്മകഥ പുറത്തിറക്കിയിരുന്നു. പുസ്തകത്തിലൂടെ ഇമ്രാന്‍ ഖാനെതിരെ ശക്തമായ
ആരോപണങ്ങളാണ് റെഹം ഉന്നയിക്കുന്നത്. 

ഇമ്രാന്‍ ഖാന് അവിഹിത ബന്ധങ്ങളിലായി ഇന്ത്യയിലുള്‍പ്പെടെ അഞ്ച് കുട്ടികളുണ്ടെന്ന് റെഹം തന്‍റെ ആത്മകഥയില്‍ പറയുന്നുണ്ട്. 'റെഹം ഖാന്‍' എന്ന് പേരിട്ട പുസ്തകത്തില്‍ ഇമ്രാന്‍ ഖാനുമൊത്തുള്ള 10 മാസത്തെ വൈവാഹിക ജീവിതവും ഇമ്രാന്‍ ഖാന്‍റെ അക്കാലത്തെ രാഷ്ട്രീയ ഇടപെടലുകളുമാണ്
പ്രതിപാതിക്കുന്നത്. അതേസമയം തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങളും ആരോപണങ്ങളും റെഹം പുസ്തകത്തിലൂടെ ഇമ്രാന്‍ ഖാനെതിരെ ഉന്നയിക്കുന്നുമുണ്ട്. 

വിവാഹിതരായ സ്ത്രീകളിലായി തനിക്ക് അഞ്ച് മക്കളുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ സമ്മതിച്ചതായി ഒരു അധ്യായത്തില്‍ റെഹം കുറിച്ചിട്ടുണ്ട്. ലൈംഗികത,
മയക്കുമരുന്ന്, റോക്ക് ആന്‍ റോള്‍ എന്നിവയാണ് അദ്ദേഹത്തിന്‍റെ ജീവിതമെന്നും റെഹം പറയുന്നു. ഇരുവരും തമ്മിലുളള സംഭാഷണമായാണ് അവിഹിത ബന്ധത്തെ കുറിച്ച് റെഹം പറയുന്നത്. എങ്ങനെയാണ് ഈ അഞ്ച് മക്കളെ കുറിച്ച് അറിയുന്നതെന്ന റെഹത്തിന്‍റെ ചോദ്യത്തിന് ആ അമ്മമാര്‍ പറഞ്ഞുവെന്നാണ് ഇമ്രാന്‍ മറുപടി നല്‍കുന്നത്. ചിലര്‍ ഇന്ത്യക്കാരാണെന്നും മുതിര്‍ന്ന കുട്ടിയ്ക്ക് ഇപ്പോള്‍ 34 വയസ്സുണ്ടെന്നും ഇമ്രാന്‍ ഖാന്‍ മറുപടി നല്‍കുന്നു. 

യുകെ ആസ്ഥാനമായ പേപ്പര്‍ബാക്ക് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇമ്രാന്‍ ഖാന്‍റെ സ്വവര്‍ഗ്ഗാനുരാഗത്തെ കുറിച്ച് അടക്കം പ്രതിപാതിക്കുന്ന പുസ്തകം പ്രസിദ്ധീകരിക്കും മുമ്പ് തന്നെ വിവാദമായിരുന്നു. 2015ലാണ് ടെലിവിഷന്‍ അവതാരികയായ റെഹം ഇമ്രാന്‍ ഖാനെ വിവാഹം കഴിച്ചത്. 10 മാസത്തിനൊടുവില്‍ ഇരുവരും വിവാഹ മോചിതരായി.