തിരുവനന്തപുരം: ശബരിമല ആചാരങ്ങളെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലി വാക്പോര് മുറുകുന്നു.പാര്‍ട്ടിയെ വിശ്വാസികളില്‍ നിന്നകറ്റാനുള്ള ശ്രമം വിജയിക്കില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷവും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടും എതിര്‍പ്പ് ഉയര്‍ത്തുമ്പോഴാണ് പിണറായിയുടെ വിശദീകരണം. ഇടതുപക്ഷത്തെ വിശ്വാസികളില്‍ നിന്നകറ്റാന്‍ എല്ലാ കാലത്തും ശ്രമം നടന്നതായും അതൊന്നും വിജയിക്കില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കി.
ആരാധനാലയങ്ങള്‍ പൊളിക്കാന്‍ നടക്കുന്നവരെന്ന പ്രചാരണമാണ് ആദ്യം പാര്‍ട്ടിക്കെതിരെ ശത്രുക്കള്‍ തുടക്കത്തില്‍ ഉന്നയിച്ചത്. വിശ്വാസികളും അല്ലാത്തവരും പാര്‍ട്ടിയില്‍ പ്രതീക്ഷയും വിശ്വാസവും അര്‍പ്പിക്കുന്നു. ശബരിമല തീര്‍ത്ഥാടകര്‍ക്കും ഹര്‍ജ്ജ് തീര്‍ത്ഥാടകര്‍ക്കും ഒരേ മനസ്സോടെയാണ് സര്‍ക്കാര്‍ സൗകര്യമൊരുക്കുന്നത്. ദേവസ്വം പ്രസിഡണ്ടിനെ ഇന്നും ദേവസ്വം മന്ത്രി വിമര്‍ശിച്ചു.
അതേസമയം, സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ പ്രതിപക്ഷം രൂക്ഷമായി രംഗത്തെത്തി. ഹൈന്ദവാചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിനെ വര്‍ഗ്ഗീയവാദിയാക്കി ചിത്രീകരിക്കാനുള്ള ദേവസ്വം മന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ശ്രമം അപലപനീയമാണെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ പറഞ്ഞു. മതപരമായ കാര്യങ്ങളില്‍ മതേതരപാര്‍ട്ടി ഇടപെടേണ്ടെന്ന് പറഞ്ഞ് ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരനും സര്‍ക്കാറിനെ വിമര്‍ശിച്ചു.
