കാണ്‍പൂര്‍: സെല്‍ഫി ഭ്രമം ഉണ്ടാക്കുന്ന അപകടങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുവരുകയാണ്. എന്നാല്‍ സെല്‍ഫിയെടുപ്പ് വിവാഹവേദയിലെ പോര്‍ക്കളമാക്കി മാറ്റിയ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ലൈറലാകുന്നത്. വിവാഹശേഷം വരനെ സാക്ഷിയാക്കി വധുവും പുരുഷ സുഹൃത്തും സെല്‍ഫിയെടുത്തതാണ് വിവാഹവേദിയിലെ കയ്യാങ്കളിയില്‍ അവസാനിച്ചത്.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലായിരുന്നു സംഭവം. വിവാഹത്തിന് പിന്നാലെ വധുവിന്റെ ആണ്‍സുഹൃത്ത് വധുവിന് അടുത്തെത്തി സെല്‍ഫി എടുക്കാനാരംഭിച്ചു. വരനെ സാക്ഷിയാക്കിയായിരുന്നു സെല്‍ഫി പിടുത്തം. എന്നാല്‍ പിന്നീട് സെല്‍ഫിയുടെ രീതി മാറി. കെട്ടിപ്പിടിച്ചും ചുറ്റിപ്പിണഞ്ഞുമൊക്കെയായി സെല്‍ഫി. ഇതോടെ കുപിതനായ വരനും വരന്റെ ബന്ധുക്കളും സുഹൃത്തിനോട് വേദിവിട്ട് പോകാന്‍ ആവശ്യപ്പെട്ടു.

വിവാഹവേദിക്ക് പുറത്തെത്തിയ സുഹൃത്തിനെ വരന്റെ ആളുകള്‍ കാര്യമായിത്തന്നെ കൈകാര്യം ചെയ്തു. ഇതിനിടെ സുഹൃത്തിനെ രക്ഷിക്കാന്‍ വധുവും എത്തി. സുഹൃത്തിനെ പിന്തുണച്ച് വധുവിന്റെ ബന്ധുക്കളും എത്തിയതോടെ കൂട്ടത്തല്ലായിരുന്നു പിന്നീട് അരങ്ങേറിയത്. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. അക്രമത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.